
ന്യൂഡൽഹി: ഡൽഹി കലാപഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. യുഎപിഎയുമായി ബന്ധപ്പെട്ട കേസായതിനാൽ വിചാരണ വൈകുന്നത് ജാമ്യത്തിന് കാരണമല്ലെന്ന് കോടതി പരാമർശിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട ഓരോരുത്തരുടെയും പങ്ക് പ്രത്യേകം കേൾക്കുമെന്നും ഇവർ നടത്തിയത് ഭീകരവാദമെന്നും കോടതി വ്യക്തമാക്കി. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്‌റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
2020 ഫെബ്രുവരി 24-ാം തീയതി പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി (എൻആർസി) വ്യാപകമായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലാണ് വ്യാപകമായ കലാപമുണ്ടായത്. ദിവസങ്ങളോളം അത് നീണ്ടുനിന്നു. 50-ലധികം ആളുകൾ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമർ ഖാലിദ്, ഷർജീൽ ഇമാം, മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈൻ എന്നിവരുൾപ്പെടെ 20 പേർ കലാപത്തിന് പ്രേരിപ്പിക്കുന്ന വലിയ ഗൂഢാലോചന നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |