
തിരുവനന്തപുരം: ഭരണം ഉറപ്പെന്ന അമിത വിശ്വാസത്തോടെ കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള രൂപരേഖയുമായി കളത്തിലിറങ്ങിയപ്പോൾ, മൂന്നാം ഉൗഴം ഉറപ്പാക്കാനുള്ള കോട്ട പണിയുകയാണ് സി.പി.എം. ജനങ്ങൾക്കിടയിൽ മതിപ്പുള്ളവരെ സ്ഥാനാർത്ഥിയാക്കിയാലേ ജയിച്ചുകയറാൻ കഴിയൂ എന്ന അഭിപ്രായത്തിനാണ് മുന്നണികളിൽ മുൻതൂക്കം.
മാനദണ്ഡങ്ങളുടെ പേരിൽ മാറ്റിനിറുത്തിയ പല പ്രമുഖരെയും തിരിച്ചുവിളിച്ച് സ്ഥാനാർത്ഥിയാക്കാൻവരെ സി.പി.എം തയ്യാറാവുന്നുവെന്നാണ് സൂചന. തുടർച്ചയായി രണ്ട് ടേം ജയിച്ചവരെ ഒഴിവാക്കുമെന്ന സി.പി.എം നിലപാട് മാറുമെന്നുറപ്പ്. നിലവിലെ നാല് മന്ത്രിമാരെയും സി.പി.ഐ കളത്തിലിറക്കും.
തദ്ദേശത്തിലെ തിരിച്ചടിയും ശബരിമല സ്വർണക്കൊള്ളയിലെ ആക്ഷേപങ്ങളും ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിറുത്തിയാവും പോരാട്ടം. തദ്ദേശത്തിലെ വിജയത്തിളക്കം നൽകുന്ന ഊർജത്തിൽ നൂറ് സീറ്റ് എന്നതാണ് യു.ഡി.എഫ് ലക്ഷ്യം. ബി.ജെ.പിയാകട്ടെ നാല് സീറ്റ് ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാലേകൂട്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.
യുവാക്കൾക്ക് കൂടുതൽ അവസരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമൊക്കെ പറയുന്നുണ്ടെങ്കിലും മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുൾപ്പെടെ അരഡസനോളം മുതിർന്ന നേതാക്കളെങ്കിലും സ്ഥാനാർത്ഥി ലൈനപ്പിലുണ്ടാവും. പുതുപ്പള്ളിയിൽ പകരം ആളുണ്ടെങ്കിൽ മാറി നിൽക്കാമെന്ന് ചാണ്ടി ഉമ്മൻ ദീപാദാസ് മുൻഷിയെ അറിയിച്ചെന്ന് കേൾക്കുന്നു.
നയിക്കുക പിണറായി
എൽ.ഡി.എഫിന്റെ അമരത്ത് മുഖ്യമന്ത്രി പിണറായി തന്നെയാവും. ധർമ്മടത്ത് അദ്ദേഹം വീണ്ടുമിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മത്സരത്തിനുണ്ടാവില്ല. തലസ്ഥാന ജില്ലയിൽ വി.ശിവൻകുട്ടി മത്സരത്തിനുണ്ട്. പക്ഷേ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാര്യം പരുങ്ങലിലാണ്. ജില്ല സെക്രട്ടറി വി.ജോയ് വീണ്ടും മത്സരിച്ചേക്കും. ആന്റണിരാജു അയോഗ്യനാക്കപ്പെട്ടതോടെ തിരുവനന്തപുരം സീറ്റ് സി.പി.എമ്മെടുക്കും. പുതുമുഖത്തിനെ തേടുന്നു. തോമസ് ഐസക്കിനെയും കെ.കെ.ശൈലജയെയും മത്സരിപ്പിക്കണമെന്നും അഭിപ്രായമുണ്ട്.
കോൺഗ്രസിൽ ഒന്നിലേറെപ്പേർ
മുൻ കെ.പി.സി.സി പ്രസിന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, കെ.മുരളീധരൻ, എം.എം.ഹസൻ തുടങ്ങിയവർ മത്സരത്തിന് മനസുകൊണ്ട് സന്നദ്ധരാണ്. കെ.സി.ജോസഫ്, കെ.ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും രംഗത്തിറങ്ങാനാണ് സാദ്ധ്യത. എം.പിമാർ മാറി നിൽക്കണമെന്ന അഭിപ്രായം അന്തരീക്ഷത്തിലുണ്ടെങ്കിലും അടൂർപ്രകാശ്, ഷാഫിപറമ്പിൽ എന്നിവർ മത്സരിച്ചാൽ അത്ഭുതമില്ല. 100നടുത്ത് സീറ്റുകൾ കിട്ടിയാൽ മുഖ്യമന്ത്രിപദം വില്ലനാവും. സീനിയറായ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമാണ് മുന്നിലുള്ളത്.
നാലിൽ ജയിക്കാൻ ബി.ജെ.പി
നേമത്ത് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കായംകുളത്ത് ശോഭാ സുരേന്ദ്രനും കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും ഏറെക്കുറെ ഉറപ്പാണ്. വട്ടിയൂർക്കാവിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായാൽ അതിശയിക്കാനില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു മുൻ ഡി.ജി.പി ആർ.ശ്രീലേഖ പ്രതികരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |