
ബാങ്കുകളുടെ കിട്ടാക്കടം കുത്തനെ കുറയുന്നു
കൊച്ചി: ബാങ്ക് വായ്പകള്‍ തിരിച്ചടക്കുന്നതില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അച്ചടക്കമേറുന്നു. രണ്ട് പതിറ്റാണ്ടിനിടെയിലെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് രാജ്യത്തെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി(എന്‍.പി.എ) താഴ്ന്നുവെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.31 ശതമാനത്തിലേക്കാണ് താഴ്ന്നത്. 2018ല്‍ കിട്ടാക്കടം 11.46 ശതമാനമായിരുന്നു. ബാങ്കുകളുടെ അറ്റ എന്‍.പി.എ 0.52 ശതമാനമായിരുന്നു. വായ്പ തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ ചിട്ടയാര്‍ന്ന നടപടിക്രമങ്ങള്‍ പാലിച്ചതും പ്രൊവിഷനിംഗ് പാലിച്ചതുമാണ് കിട്ടാക്കടം കുറയ്ക്കാന്‍ സഹായിച്ചത്.
കിട്ടാക്കടം കുറയ്ക്കുന്നതില്‍ പൊതുമേഖല ബാങ്കുകളും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം എന്‍.പി.എ 2021ലെ 9.11 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 2.58 ശതമാനമായി താഴ്ന്നു. വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇതോടൊപ്പം ലാഭക്ഷമത മെച്ചപ്പെടുത്താനും ഓഹരി ഉടമകള്‍ക്ക് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാനും ബാങ്കുകള്‍ക്ക് കഴിഞ്ഞു.
നിക്ഷേപങ്ങള്‍ മൂന്നിരട്ടിയായി
പത്ത് വര്‍ഷത്തിനിടെ ബാങ്കുകളുടെ ആഭ്യന്തര നിക്ഷേപം മൂന്നിരട്ടിയായി ഉയര്‍ന്നു. 2015ല്‍ ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപം 88.35 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ബാങ്ക് നിക്ഷേപം 231.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കൊവിഡ് കാലത്തിന് ശേഷം റിസര്‍വ് ബാങ്ക് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ ഉയര്‍ത്തിയതോടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകത്വമേറി.
വായ്പാ വിതരണത്തിലും തിളക്കം
വായ്പാ വിതരണത്തിലും ബാങ്കുകള്‍ക്ക് മികച്ച മുന്നേറ്റമുണ്ടായി. മൊത്തം വായ്പകള്‍ പത്ത് വര്‍ഷത്തിനിടെ 66.91 ലക്ഷം കോടി രൂപയില്‍ നിന്ന് 181.34 ലക്ഷം കോടി രൂപയായി. രാജ്യത്തെ സേവന, വ്യവസായ മേഖലകളിലെ ഉണര്‍വിന്റെ പിന്‍ബലത്തില്‍ വായ്പാ ആവശ്യങ്ങള്‍ ഗണ്യമായി ഉയര്‍ന്നതാണ് ഗുണമായത്.
പൊതുമേഖല ബാങ്കുകളുടെ ലാഭം
2022-23 : 1.05 ലക്ഷം കോടി രൂപ
2024-25 : 1.78 ലക്ഷം കോടി രൂപ
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ ലാഭം
2024-25 : 4.01 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |