
ടെസ്റ്റിൽ തന്റെ 41-ാം സെഞ്ച്വറിയുമായി ഇംഗ്ളണ്ട് ബാറ്റർ ജോ റൂട്ട് (160)
സിഡ്നി ടെസ്റ്റിൽ ഇംഗ്ളണ്ട് 384ന് പുറത്ത്, ഓസീസ് 166/2
ഓസീസിനായി ട്രാവിസ് ഹെഡിന്റെ തകർപ്പനടി (91 നോട്ടൗട്ട്)
സിഡ്നി : ടെസ്റ്റ് കരിയറിലെ തന്റെ 41-ാമത് സെഞ്ച്വറിയുമായി ജോ റൂട്ട് കരുത്തുകാട്ടിയ സിഡ്നിയിൽ, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 384 റൺസെടുത്ത് പുറത്തായി. മറുപടിക്കിറങ്ങിയ ഓസീസ് രണ്ടാം ദിനം കളിനിറുത്തുമ്പോൾ ഒറ്റസെഷനിൽ 166/2 എന്ന നിലയിലെത്തി.
ഇന്നലെ 211/3 എന്ന നിലയിൽ 78 റൺസുമായി ഹാരി ബ്രൂക്കും 72 റൺസുമായി റൂട്ടുമാണ് ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 84 റൺസടിച്ച് ബ്രൂക്ക് മടങ്ങിയെങ്കിലും ജാമീ സ്മിത്ത് (46), വിൽ ജാക്സ് (27) എന്നിവ
രെക്കൂട്ടി റൂട്ട് നടത്തിയ പോരാട്ടമാണ് ഇംഗ്ളണ്ടിനെ 384ലെത്തിച്ചത്. 242 പന്തുകൾ നേരിട്ട റൂട്ട് 15 ബൗണ്ടറികൾ പായിച്ചു. ബ്രൂക്കിനൊപ്പം നാലാം വിക്കറ്റിൽ 169 റൺസിന്റേയും സ്മിത്തിനൊപ്പം ആറാം വിക്കറ്റിൽ 94 റൺസിന്റേയും വിൽ ജാക്സിനൊപ്പം ഏഴാം വിക്കറ്റിൽ 52 റൺസന്റേയും കൂട്ടുകെട്ടുകളും സൃഷ്ടിച്ചു. നാലാമനായി കളത്തിലിറങ്ങിയ റൂട്ട് ഒൻപതാമനായാണ് പുറത്തായത്.
ഓസീസിനായി പേസർ മൈക്കേൽ നെസർ നാലുവിക്കറ്റ് നേടിയപ്പോൾ മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളാണ്ടും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ചായയ്ക്ക് ശേഷം ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിനായി ഓപ്പണർ ട്രാവിസ് ഹെഡും (87 പന്തുകളിൽ പുറത്താകാതെ 91 റൺസ്) ഫസ്റ്റ് ഡൗൺ മാർനസ് ലാബുഷെയ്നും (48) തകർത്തടിച്ചതോടെയാണ് 34.1 ഓവറിൽ 166/2ലേക്ക് എത്തിയത്. ഓപ്പണർ ജേയ്ക്ക് വിതറാൾഡിന്റേയും (21) ലബുഷെയ്ന്റേയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മഴമൂലം നേരത്തേ കളി നിറുത്തുമ്പോൾ നെസറാണ് (1) ഹെഡിന് കൂട്ട്.
റൂട്ട് @ 41
തന്റെ ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ച്വറിയാണ് 35കാരനായ റൂട്ട് ഇന്നലെ നേടിയത്. ഇതോടെ ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ഓസീസ് ക്യാപ്ടൻ റിക്കി പോണ്ടിംഗിന് ഒപ്പമെത്തി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ സച്ചിൻ ടെൻഡുൽക്കറും (51), ജാക് കാലിസും (45) മാത്രമാണ് റൂട്ടിനും പോണ്ടിംഗിനും മുന്നിലുള്ളത്.
163
തന്റെ 163-ാമത് ടെസ്റ്റിലാണ് റൂട്ട് 41-ാം സെഞ്ച്വറിയിലെത്തിയത്.
17
റൂട്ട് ടെസ്റ്റിൽ നേടിയ 150+സ്കോറുകളുടെ എണ്ണം.20 തവണ ഈ മാർക്ക് കടന്ന സച്ചിനാണ് മുന്നിൽ.ലാറയും സച്ചിനും 19 തവണയും ബ്രാഡ്മാൻ 18 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
24
സെഞ്ച്വറികളാണ് 2021ന് ശേഷം റൂട്ട് നേടിയത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമാണ് റൂട്ട്. സ്റ്റീവൻ സ്മിത്ത്, കേൻ വില്യംസൺ, ഹാരി ബ്രൂക്ക്,ശുഭ്മാൻ ഗിൽ എന്നിവർ ഇക്കാലയളവിൽ 10 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |