
കാഠ്‌മണ്ഡു: മുസ്ളീം ആരാധനാലയം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കലാപം. നേപ്പാളിലെ പർസ ജില്ലയിലെ ബിർഗുഞ്ച് പട്ടണത്തിലാണ് ദൃശ്യങ്ങൾക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ അക്രമം അരങ്ങേറിയത്. തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചു. ബിഹാറിൽ റക്‌സോൾ ജില്ലയ്‌ക്ക് തൊട്ടടുത്ത് നേപ്പാളിലുള്ള പട്ടണമൊണ് ബിർഗുഞ്ച്. ഇവിടെ പർസ ജില്ലാ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി. സാഹചര്യം വഷളായതോടെയാണ് അടിയന്തര സേവനങ്ങളൊഴികെ എല്ലാം നിയന്ത്രിച്ച് ഇന്ത്യ അതിർത്തി അടച്ചത്.
ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നിവർ ടിക്‌ടോക് വഴി അപരമതവിദ്വേഷം സൂചിപ്പിക്കുന്ന വാചകങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു. മുസ്ളീം ആരാധനാലയം തകർക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇതിൽ. ഇതോടെ ധനുഷ, പർസ ജില്ലകളിൽ വീഡിയോ വർഗീയ കലാപങ്ങൾക്ക് കാരണമായി. വീഡിയോ പ്രചരിപ്പിച്ചവരെ നാട്ടുകാർ പിടികൂടി സാമുദായിക ഐക്യത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. കമല ജില്ലയിൽ സഖുവ മാരൻ പ്രദേശത്ത് പള്ളി ഒരുവിഭാഗം തകർക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥിതി വഷളായി. പൊലീസുകാരെ കലാപകാരികൾ ആക്രമിക്കുകയും പൊലീസ് സ്റ്റേഷൻ തകർക്കുകയും ചെയ്‌തു.
സംഭവങ്ങളെ തുടർന്ന് അതിർത്തി പൂർണമായും അടച്ച സശസ്‌ത്ര സീമ ബൽ സാധാരണ പൗരന്മാർക്ക് അതിർത്തി കടന്നുപോകുന്നത് തടഞ്ഞു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ മൈത്രി പാലത്തിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലകളായ സഹദേവ, മഹാദേവ, പണ്ടോക, സിവാൻ ടോള, മുഷർവ എന്നിവിടങ്ങളിലും ശക്തമായ നിരീക്ഷണമുണ്ട്. നേപ്പാളിൽ ജോലിക്കായി പോയ ഇന്ത്യക്കാരെല്ലാം സ്ഥിതിഗതികൾ വഷളായതിന് പിന്നാലെ തിരികെയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |