
ആലപ്പുഴ: കർഷകരുടെ പ്രതിഷേധത്തിനൊടുവിൽ നെഹ്റുട്രോഫി വാർഡിൽ തൈയിൽ കായൽ പാടശേഖരത്തിലെ നെല്ല് സംഭരണം ഇന്ന് ആരംഭിക്കും. കിഴിവു തർക്കത്തെതുടർന്ന് സ്വകാര്യമില്ലുകാർ എടുക്കാൻ വിസമ്മതിക്കുകയും കഴിഞ്ഞ എട്ടുദിവസമായി പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയും ചെയ്ത നെല്ലാണ് സംഭരിക്കാൻ തീരുമാനമായത്. കിഴിവിന്റെപേരിൽ സ്വകാര്യമില്ലുകാർ നെല്ലെടുക്കാൻ വിസമ്മതിച്ച പാടശേഖരത്തിൽ വീണ്ടും ഗുണനിലവാര പരിശോധന നടത്താനെത്തിയ പാഡി മാർക്കറ്റിംഗ് ഓഫീസറടക്കമുള്ള ഒമ്പതംഗ സംഘത്തെ കർഷകർ തടഞ്ഞു. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തുകയും ഇവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്.
നിലവിൽ നെല്ലെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന മില്ലുകാരെ മാറ്റി, പകരം സൂര്യ മില്ലിന് അനുമതി നൽകി. ഇവർ ക്വിന്റലിന് അഞ്ചു കിലോ കിഴിവിൽ ഇന്നു മുതൽ നെല്ലെടുത്തു തുടങ്ങും. മുമ്പ് ചുമതലപ്പെടുത്തിയിരുന്ന മില്ലുടമകൾ ആറര മുതൽ ഏഴുവരെ കിലോ കിഴിവാണ് ചോദിച്ചിരുന്നത്. ഇതോടെ 400 ടൺ നെല്ല് പാടവരമ്പത്ത് തന്നെ കിടക്കുകയായിരുന്നു. പാടി ഓഫീസർ മില്ലുടമകളോട് സംസാരിച്ചിട്ടും നടപടി ഉണ്ടായില്ല. എന്നാൽ, തൊട്ടടുത്ത പാടശേഖരത്തിൽ നിന്ന് പരമാവധി മൂന്നു കിലോ കിഴിവാണ് മറ്റു മില്ലുകാർ വാങ്ങുന്നത്. പാടശേഖരത്തിൽ പാഡി മാർക്കറ്റിംഗ് ഓഫീസ് നടത്തിയ ഗുണ നിലവാര പരിശോധനയിൽ മൂന്നു കിലോ നെല്ലാണ് കിഴിവ് നൽകാൻ പറഞ്ഞിരുന്നതെന്നും കൃഷിക്കാർ പറയുന്നു.
കിഴിവ് തർക്കത്തിന് പരിഹാരം
1.തൈയ്യിൽ കായൽ പാടശേഖരത്തിൽ 183 ഏക്കറിലാണ് കൃഷി. 120 കർഷകരാണ് പാടശേഖര സമിതിക്ക് കീഴിലുള്ളത്. കാലവസ്ഥാ വ്യതിയാനം കാരണം നെല്ല് ചൊട്ടിയെന്ന കാരണം പറഞ്ഞാണ് മില്ലുകാർ കിഴിവ് കൂടുതൽ ചോദിക്കുന്നത്
2. കൊയ്ത്തു കഴിഞ്ഞാൽ മൂന്നു ദിവസത്തിനുള്ളിൽ നെല്ലെടുക്കണമെന്നാണ് നിയമം. പാഡി മാർക്കറ്റിംഗ് ഓഫീസ് മില്ലുകാർക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നതെന്ന് ആക്ഷേപം ഉയരുകയും കളക്ടറേറ്റിൽ പരാതി നൽകുകയും ചെയ്തിരുന്നു
3.നെല്ലെടുക്കാൻ വേറെ മില്ലുകാരെ ചുമതലപ്പെടുത്തി എത്രയും നെല്ലെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യപ്പെട്ടിരുന്നു. 40 ലോഡ് നെല്ലാണ് പാടവരമ്പത്ത് ടർപ്പോളിൽ വിരിച്ച് അതിൽ കൂട്ടിയിട്ടിരിക്കുന്നത്
പ്രതിഷേധത്തിനൊടുവിലാണ് നെല്ല് സംഭരണത്തിൽ തീരുമാനമെടുത്തത്. അഞ്ചുകിലോ കിഴിവ് തന്നെ നഷ്ടമാണ്. എന്നാൽ വീട്ടുവീഴ്ച ആവശ്യമായതിനാലാണ് അംഗീകരിച്ചത്
-വിമൽ റോയ്, പ്രസിഡന്റ്
തൈയ്യിൽ കായൽ പാടശേഖരസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |