
വിഴിഞ്ഞം: മകനെ തിരക്കിയെത്തിയ പത്തംഗം സംഘം വീടുകയറി പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കൊല്ലയിൽ മഞ്ചവിളാകം സ്വദേശി സ്റ്റാലിൻ(18),പരശുവയ്ക്കൽ നെടിയംകോട് ജോഫി ഭവനിൽ അഫിൻ(18), കുന്നത്തുകാൽ എള്ളുവിള സ്വദേശി സനോജ്(18),കാരക്കോണം വണ്ടിത്തടം പ്ലാങ്ങല ജിനോ ഭവനിൽ ജിനോ (20),തമിഴ്‌നാട് കരുമാനൂർ അമ്പലച്ചിറ പുത്തൻവീട്ടിൽ ശ്രീഹരി(18),മാറനല്ലൂർ പെരുമ്പഴൂതൂർ പദ്മവിലാസത്തിൽ ഭരത്ശങ്കർ(18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം വട്ടവിള ബിനു ഭവനിൽ ബിനുവിനെയാണ് (48) സംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.ബിനുവിന്റെ മകൻ അഭിനവ് പെൺസുഹൃത്തിൽ നിന്ന് 65,000 രൂപ കടം വാങ്ങിയിരുന്നു.ഇത് തിരികെ നൽകാത്തതിനെ തുടർന്ന് പെൺസുഹൃത്തിന്റെ മറ്റൊരു ആൺസുഹൃത്തുൾപ്പെട്ട പത്തംഗസംഘം, അഭിനവിനെ തിരക്കി വീട്ടിലെത്തിയെങ്കിലും കാണാത്തതിനെ തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വിഴിഞ്ഞം എസ്.ഐ വിജിത് കുമാർ,എസ്.എച്ച്.ഒ സുനിൽ ഗോപി,എസ്.ഐ.മാരായ രാജേഷ്,പ്രസന്നകുമാർ,എ.എസ്.ഐ രജിതാ മിനി,സീനിയർ സി.പി.ഒമാരായ വിനയകുമാർ,സാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പിടിയിലാകാനുള്ള മറ്റു നാലു പ്രതികൾക്കായി വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |