
കൊച്ചി: കാർ വാഷിംഗ് കേന്ദ്രത്തിന് സമീപം വളർന്ന കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി മാമംഗലം ഭാഗത്ത് പ്രവർത്തിക്കുന്ന കാർ വൃത്തിയാക്കൽ സ്ഥാപനത്തിന്റെ അതിർത്തി മതിലിനോട് ചേർന്നാണ് മൂന്നു കഞ്ചാവ് ചെടികൾ തഴച്ചു വളർന്നത്.
എറണാകുളം എക്സൈസ് ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിലാണ് ചെടികൾ കസ്റ്റഡിയിലെടുത്തത്.
ചെടികൾ സുരക്ഷിതമായി പിഴുതെടുത്ത് എറണാകുളം എക്സൈസ് ഓഫീസിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി. 10 കൊല്ലം വരെ തടവു കിട്ടാവുന്ന കുറ്റകൃത്യമാണ്. ചെടികൾ ആരെങ്കിലും വളർത്തിയതാണോ എന്നതിന് തെളിവ് ലഭിച്ചില്ല. തനിയെ വളർന്നതാണെന്ന അനുമാനത്തിലാണ് എക്സൈസ്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തുമ്പോൾ കായും പൂവും ഉൾപ്പെടെയാണ് കൊണ്ടുവരുന്നത്. ഇവ വിതരണം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും നിലത്ത് വീണു പൊട്ടിക്കിളിർക്കുന്നത് പതിവാണ്. കഴിഞ്ഞ കൊല്ലം കളമശേരി ഭാഗത്ത് മെട്രോ പില്ലറിന് സമീപത്തും എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപം കാടുമൂടി കിടന്നിടത്തും കഞ്ചാവ് ചെടികൾ കണ്ടെത്തിയെങ്കിലും ആരെയും പ്രതി ചേർത്തിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |