
പാചകലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷെഫ് പിള്ള എന്ന സുരേഷ് പിള്ള. അദ്ദേഹത്തിന്റെ സിഗ്നേച്ചർ വിഭവങ്ങൾ ഇഷ്‌ടപ്പെടാത്ത മലയാളികൾ ചുരുക്കമാണ്. നാടൻ വിഭവങ്ങളുടെ തനിമ ഒട്ടും കുറയാതെ അതിൽ പുത്തൻ രുചികൾ കൂടി യോജിപ്പിച്ച് അദ്ദേഹം പരീക്ഷിക്കുന്ന ഓരോ വിഭവങ്ങളും ലോകപ്രശസ്‌തമാണ്. പാചകരംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഉള്ളത്.
പാചകത്തെക്കുറിച്ച് മാത്രമല്ല, തനിക്കുണ്ടായ വ്യത്യസ്‌തമായ അനുഭവങ്ങൾ, നല്ല ഭക്ഷണങ്ങൾ വിളമ്പുന്ന കടകൾ, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പോസ്റ്റുകൾ പങ്കുവയ്‌ക്കാറുണ്ട്. വളരെ സാധാരണക്കാരായ മനുഷ്യരോട് പോലും അടുത്ത് നിൽക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കൊച്ചിയിൽ അദ്ദേഹം സഞ്ചരിച്ച ഊബറിലെ ഡ്രൈവറെക്കുറിച്ചാണ് പോസ്റ്റ്.
21 വയസ് മാത്രം പ്രായമുള്ള കാക്കനാട് സ്വദേശി മുഹ്‌സിൻ എന്ന ചെറുപ്പക്കാരനാണത്. മുഹ്‌സിൻ ബി-ടെക് വിദ്യാർത്ഥിയാണെന്ന് ഷെഫ് പിള്ള കുറിച്ചു. തന്റെ പഠനച്ചെലവുകൾക്കായി വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും അവൻ ഊബർ ഓടിക്കുന്നു. ചേട്ടന്റെ കാറാണ് മുഹ്‌സിൻ ഓടിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ ഓടുമ്പോൾ ദിവസം ശരാശരി 2500 മുതൽ 3000 രൂപ വരെ ലഭിക്കും. 800 രൂപയാണ് ഇന്ധത്തിനാവുക. ചില മാസങ്ങളിൽ 70,000 രൂപ വരെ ലഭിക്കുമെന്ന് മുഹ്‌സിൻ ഷെഫ് പിള്ളയോട് പറഞ്ഞു. എല്ലാത്തിനും ഒഴിവുകഴിവുകൾ പറയുന്നവരുള്ള ഈ കാലത്ത് കഷ്‌ടപ്പെടാൻ മനസുണ്ടെങ്കിൽ വഴികൾ എപ്പോഴും ഉണ്ടാകുമെന്ന് ഷെഫ് പിള്ള കുറിച്ചു. കഴിഞ്ഞ നാല് വർഷമായി പഠനത്തിനായി ഒരു രൂപ പോലും മുഹ്‌സിൻ വീട്ടിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Where there is effort, there is always opportunity!
ഇന്ന് കൊച്ചിയിൽ ഒരു Uber യാത്ര.
യാത്രയ്ക്കിടയിൽ ഡ്രൈവറുമായി നല്ലൊരു പരിചയം കൂടി.
മുഹ്‌സിൻ.
വീട് – കാക്കനാട്.
വയസ് – 21.
ഫൈനൽ ഇയർ BTech വിദ്യാർത്ഥി.
യാത്രയ്ക്കിടയിൽ കുറേ സംസാരിച്ചു.
വെക്കേഷൻ സമയത്തും വാരാന്ത്യങ്ങളിലും ചേട്ടന്റെ കാറെടുത്ത് Uber ഓടിക്കും.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.
ദിവസം ശരാശരി ₹2500–₹3000 വരുമാനം.
ഇന്ധനച്ചെലവ് ഏകദേശം ₹800.
ചില മാസങ്ങളിൽ ₹70,000 വരെ കൈവരുമത്രേ.
പിന്നെ അവൻ പറഞ്ഞ ഒരു വാക്ക്…
എന്നെ നിശ്ശബ്ദനാക്കി.
കഴിഞ്ഞ നാല് വർഷമായി
കോളേജ് ഫീസിന് വീട്ടിൽ നിന്ന്
ഒരു രൂപ പോലും വാങ്ങിയിട്ടില്ല.
Uber തുടങ്ങുന്നതിന് മുമ്പും
പല part-time ജോലികൾ ചെയ്തിട്ടുണ്ട്.
ഞാൻ ചോദിച്ചു:
“ഇതിനിടയിൽ പഠനം manage ചെയ്യാൻ ബുദ്ധിമുട്ടില്ലേ?”
മുഹ്‌സിൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
“പഠിത്തമൊക്കെ ഉഷാറായി പോകുന്നു.
നാട്ടിൽ ജോലി ഇല്ലെന്ന് പറയുന്നത്
പലപ്പോഴും ഒരു excuse ആണ്.
കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ
വഴികൾ എപ്പോഴും ഉണ്ടാകും.”
കുട്ടിത്തം വിട്ടുമാറാത്ത മുഖം.
പക്ഷേ വാക്കുകളിൽ
അസാധാരണമായ പക്വതയും ആത്മവിശ്വാസവും.
ഇത്തരം യുവാക്കളാണ്
നമ്മുടെ നാടിന്റെ
യഥാർത്ഥ ശക്തിയും
ഭാവിയും.
മുഹ്‌സിൻ…
നീ ഒരു പ്രചോദനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |