
ചർച്ചാ സംഘത്തെ ഉടൻ അയക്കില്ല
കൊച്ചി: അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിലേക്ക് അടുത്ത ഘട്ട ചർച്ചകൾക്കായുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവെക്കാനാണ് തീരുമാനം. രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കരാറിൽ കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തുന്നത്. കോടതി വിധി മറികടക്കാൻ 122ാം വകുപ്പ് അനുസരിച്ച് അമേരിക്കയിലെത്തുന്ന വിദേശ ഉത്പന്നങ്ങളുടെ തീരുവ 15 ശതമാനമായി ട്രംപ് ഉയർത്തിയിരുന്നു. പ്രസിഡന്റിന് പരമാവധി ചുമത്താൻ കഴിയുന്ന ഈ തീരുവ 150 ദിവസത്തേക്കാണ് ബാധകമാകുന്നത്. ഇരു രാജ്യങ്ങളിലെയും വാണിജ്യ ഉദ്യോഗസ്ഥർ ചർച്ച നടത്തിയാണ് ഇക്കാര്യം തീരുമാനിച്ചത്. ചർച്ചകൾ പുനരാരംഭിക്കാനുള്ള പുതിയ തിയതി തീരുമാനിച്ചിട്ടില്ല.
ഇന്ത്യയുടെ പകരച്ചുങ്കം 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് വ്യാപാര ചട്ടക്കൂടിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കവും ഒഴിവാക്കി. സുപ്രീം കോടതി വിധിയോടെ വ്യാപാര കരാറിൽ അംഗീകരിച്ച വ്യവസ്ഥകൾക്ക് പ്രസക്തിയില്ലാതായെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ട്രംപിന്റെ വിലപേശൽ ശേഷി കുറയുന്നു
സുപ്രീം കോടതിയുടെ തീരുവ തീരുമാനം വന്നതോടെ ലോക രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ ഡൊണാൾഡ് ട്രംപിന്റെ വിലപേശൽ ശേഷി നഷ്‌ടമായി. തീരുവ വർദ്ധനയെന്ന ഭീഷണി ഉയർത്തിയാണ് വിവിധ രാജ്യങ്ങളെ ട്രംപ് വരുതിയിലാക്കിയത്. ഇതുവരെ ധാരണയിലെത്തിയ വ്യാപാര കരാറുകളിലെ തീരുമാനങ്ങളിൽ മാറ്റമില്ലെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യം എളുപ്പമല്ലെന്ന് അനലിസ്‌റ്റുകൾ പറയുന്നു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 15 ശതമാനം തീരുവ പരമാവധി 150 ദിവസം മാത്രമേ ബാധകമാകൂ.
റഷ്യൻ എണ്ണ വീണ്ടും വാങ്ങാൻ ഇന്ത്യ
പ്രസിഡന്റ് ട്രംപിന്റെ ചിറകുകൾ അമേരിക്കൻ സുപ്രീം കോടതി അരിഞ്ഞതോടെ റഷ്യയിൽ നിന്ന് ഡിസ്‌കൗണ്ടുള്ള ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് വീണ്ടും അവസരമൊരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം പിഴത്തീരുവ പ്രഖ്യാപിച്ചതോടെയാണ് റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചത്. പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികൾ വരും മാസങ്ങളിൽ ചെറിയ അളവിൽ റഷ്യൻ എണ്ണ വാങ്ങി തുടങ്ങിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |