
കൊച്ചി: പട്ന എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളും തിരകളും റെയിൽവേ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. ഇരട്ടക്കുഴൽ തോക്കും ഒറ്റക്കുഴൽ തോക്കും 10 തിരകളുമടങ്ങിയ ആയുധങ്ങൾ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി നിർദ്ദേശം നൽകിയത്. തുടർന്ന് തോക്കുകളും വെടിയുണ്ടകളും പൊലീസ് സ്റ്റേഷനിലെ സ്ട്രോംഗ് മുറിയിലേക്ക് മാറ്റി.
പ്രമുഖ ജ്വല്ലറികൾക്ക് നിർമ്മാണ സ്ഥലത്ത് നിന്ന് ആഭരണങ്ങളും വജ്രങ്ങളും എത്തിച്ചു കൊടുക്കുന്ന പൊന്നുരുന്നിയിലെ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായ ബിഹാർ സ്വദേശികൾ രമേശ് കുമാറും മിഥിലേഷ് കുമാറുമാണ് തോക്കിന്റെ ലൈസൻസികൾ. ആയുധങ്ങൾ സഹിതം സുരക്ഷാ ജോലി ചെയ്താൽ കൂടുതൽ ശമ്പളം കിട്ടുമെന്ന് ഇവരെ ഔട്ട്സോഴ്സ് ചെയ്ത സ്ഥാപനത്തിന്റെ സെക്യൂരിറ്റി ഓഫീസർ അറിയിച്ചതിനെ തുടർന്നാണ് രമേശ് കുമാർ തന്റെ ഇരട്ടക്കുഴൽ തോക്ക് കൊണ്ടുവരാൻ നാട്ടിലേക്ക് പോയത്. ഇതിനൊപ്പം തന്റെ ഒറ്റക്കുഴൽ തോക്ക് കൂടി കൊണ്ടുവരാൻ മിഥിലേഷ് കുമാർ സഹപ്രവർത്തകനെ ചുമതലപ്പെടുത്തുകയായിരുന്നു.
സ്വന്തം പേരിലുള്ള തോക്ക് മറ്റൊരാളുടെ കൈവശം കൊടുത്തയക്കുന്നത് ലൈസൻസ് ലംഘനമാണെന്ന് പൊലീസ് പറഞ്ഞു. പട്ന എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ നിന്ന് പൊലീസ് സംഘം തോക്ക് പിടിച്ചെടുത്തപ്പോൾ ഇതേ ട്രെയിനിലുണ്ടായിരുന്ന രമേശ്കുമാർ പൊലീസിന് മുന്നിൽ ഹാജരാകാതെ മറ്റൊരു കോച്ചിലേക്ക് പോയതും ഈ കാരണം കൊണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ആദ്യം രമേശ്കുമാറും പിന്നീട് മിഥിലേഷ് കുമാറും റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആദ്യം ആയുധനിയമം മാത്രം ചുമത്തിയ പൊലീസ് പിന്നീട് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആയുധങ്ങൾ കൈകാര്യം ചെയ്തതിന് ബി.എൻ.എസ് നിയമത്തിലെയും പൊലീസ് ആക്ടിലെയും വകുപ്പുകളും ചുമത്തി. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |