
തിരുവനന്തപുരം: തമിഴ്നാട് ദിണ്ഡിഗലിലെ ഡി-മണിക്ക് ശബരിമല സ്വർണക്കൊള്ളയിൽ ബന്ധമില്ലെന്ന് കണ്ടെത്തിയ എസ്.ഐ.ടി, മണിക്കെതിരെ മൊഴിനൽകിയ പ്രവാസി വ്യവസായിക്കെതിരെ കേസെടുക്കാൻ നീക്കം തുടങ്ങി.
അന്വേഷണം വഴിതെറ്റിക്കാൻ മനഃപൂർവം ശ്രമിച്ചതിനാവും കേസ്. ആരോപണത്തിന് പിന്നിലെ കാരണം തേടുകയാണ് എസ്.ഐ.ടി. ശബരിമലയിലെ സ്വർണപ്പാളികൾ കടൽമാർഗം ദുബായിലെത്തിച്ച് മിഡിൽ ഈസ്റ്റിലെ സുൽത്താന് കൈമാറിയെന്നടക്കം വ്യവസായി മൊഴി നൽകിയിരുന്നു.
തിരുവനന്തപുരത്ത് വച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി-മണിയുമായി നടന്നെന്നും മൊഴി നൽകിയിരുന്നു. മണിയുടെ ഫോൺ നമ്പറും നൽകി. തമിഴ്നാട്ടിൽ എസ്.ഐ.ടി ആഴ്ചകളോളം അന്വേഷണം നടത്തി. മണിയെയും സുഹൃത്തുക്കളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരെയും തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്തു. ഡിജിറ്രൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുമടക്കം പരിശോധിച്ചെങ്കിലും സ്വർണക്കൊള്ളയുമായി ബന്ധം കണ്ടെത്താനായില്ല.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്.ഐ.ടിക്ക് മൊഴി നൽകിയത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയിൽനിന്ന് വിവരം ലഭിച്ചതായാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. തുടർന്നായിരുന്നു തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം.
വന്നു; പക്ഷേ അതിനല്ല
മണി രണ്ടു വട്ടം തിരുവനന്തപുരത്ത് വന്നതായി കണ്ടെത്തി. പിതാവിന്റെ മരണാന്തര ചടങ്ങുകൾക്കായി തിരുവല്ലത്തും പിന്നീട് ക്ഷേത്ര ദർശനത്തിനുമായി കുടുംബസമേതവുമാണ് എത്തിയത്. ഈ യാത്രകൾക്ക് പിന്നിൽ ബിസിനസ്, സ്വർണക്കൊള്ള ബന്ധമില്ലെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്. അതേസമയം,
മണിയുടെയും കൂട്ടാളികളുടെയും ഇടപാടുകളെല്ലാം ദുരൂഹമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
ജയശ്രീയെ ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയെ എസ്.ഐ.ടി ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം ലഭിച്ച ജയശ്രീയോട് എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാവാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനം താൻ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജയശ്രീ നൽകിയ മൊഴി. ഇന്നും ചോദ്യംചെയ്യൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |