
തിരുവനന്തപുരം: കഴിയുന്നത്ര വികസന പദ്ധതികൾ അടുത്ത ആറാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇലക്‌ഷനു മുമ്പ് ആറാഴ്ച മാത്രമാണ് മുന്നിലുള്ളത്. നടപ്പാക്കിവരുന്ന പദ്ധതികളെല്ലാം പൂർത്തിയാക്കണം. ഇതിന് കർമ്മപദ്ധതി രൂപീകരിക്കണം. പുതിയ പദ്ധതികൾ ബഡ്ജറ്റിൽ മാത്രമാകും പ്രഖ്യാപിക്കുക.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ജസ്റ്റിസ്. ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ നടപ്പാക്കാനുള്ളവ വേഗത്തിൽ തീർപ്പാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാരിന് ഇടപെടാൻ പെരുമാറ്റച്ചട്ടം തടസമാകും. സെക്രട്ടറിമാർ കാര്യങ്ങൾ കണ്ടറിഞ്ഞു നിർവഹിക്കണം. കുടിവെള്ള വിതരണം മുടങ്ങുന്നത് അടക്കം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരം കാണണം.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡിഷണൽചീഫ് സെക്രട്ടറിമാര്‍, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചും വികസന പദ്ധതികൾ വേഗത്തിലാക്കിയാലേ ഭരണം നിലനിറുത്താൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |