
പ്രകൃതിയുടെ കാവലാളായിരുന്നു മാധവ് ധനഞ്ജയ ഗാഡ്ഗിൽ. രാജ്യത്തെയും പരിസ്ഥിതിയെയും ഹൃദയത്തിൽ കരുതുന്ന എല്ലാവർക്കും പ്രകൃതി സ്നേഹത്തിന്റെ പ്രകാശമാണ് ഗാഡ്ഗിൽ.
2018 ലെ പ്രളയവും നദികൾ അതിന്റെ വഴികൾ വീണ്ടെടുത്ത് ഒഴുകിപ്പാഞ്ഞതും കവളപ്പാറ, പുത്തുമല, പെട്ടിമുടി, കൊക്കയാർ, മുണ്ടക്കൈ-ചൂരൽമല ദുരന്തങ്ങളും ആരും മറക്കില്ല. ഇതിന്റെയെല്ലാം പിന്നിൽ ദുരമൂത്ത മനുഷ്യന്റെ കരങ്ങളാണെന്ന് തുറന്നു പറയാനുണ്ടായിരുന്നത് ഡോ. മാധവ് ഗാഡ്ഗിൽ മാത്രം. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രമേഖലയിലുംഇക്കോളജിയ ശാസ്ത്രമേഖലയിലും ഗാഡ്ഗിലിന് മുമ്പും ഗാഡ്ഗിലിന് ശേഷവും എന്ന തരത്തിൽ അടയാളപ്പെടുത്തത്തക്ക ഗവേഷണ പ്രവർത്തനങ്ങളും മറ്റിടപെടലുകളുമാണ് അദ്ദേഹം നടത്തിയത്. ഉദാരവൽക്കരണത്തിനു ശേഷം അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പാരിസ്ഥിതിക ആരോഗ്യവും ഇക്കോളജീയ ശേഷിയും വർദ്ധിപ്പിച്ചുകൊണ്ടാകണം വികസനം സാദ്ധ്യമാക്കേണ്ടതെന്ന് അധികാരികളെ ബോദ്ധ്യപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് 2010 ൽ ഗാഡ്ഗിൽ ചെയർമാനായി പതിമൂന്നംഗ കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുത്തത്.
ഹിമാലയ സാനുക്കൾപോലെതന്നെ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള സഹ്യാദ്രി മലനിരകളിലെയും അനുബന്ധ പ്രദേശങ്ങളിലെയും പരിസ്ഥിതി സംബന്ധിയായ പ്രശസ്തങ്ങളുടെ തീവ്രതയും സ്ഥിതിവിവരകണക്കുകളും വിശദമായി അവലോകനം ചെയ്തു.
പ്രസ്തുത പ്രദേശത്തിന്റെ പാരിസ്ഥിതിക ആരോഗ്യം വർദ്ധിപ്പിക്കുകയും സസ്യജന്തുജാലങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ഇക്കോളജീയ ബന്ധങ്ങൾക്ക് ഉലച്ചിൽ വരുത്താതെ വിഭവ സമാഹരണം സാധ്യമാക്കി വികസിത ഭാരതത്തിലേക്കുള്ള യാത്ര സുഗമമാക്കാനാണ് വെസ്റ്റേൺ ഗട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ (Western ghats Ecology Expart Panel) എന്ന പേരിലറിയപ്പെടുന്ന കമ്മിറ്റിക്ക് ഭാരത സർക്കാർ രൂപം കൊടുത്തത്. ഇത് നിർവഹിക്കാൻ ഗാഡ്ഗിൽ എന്ന പേരല്ലാതെ മറ്റൊരു പേര് ഗവൺമെന്റിന്റെ മുന്നിലുണ്ടായിരുന്നില്ല. സഹ്യാദ്രിയുമായി ബന്ധപ്പെട്ട 41 പഠന രേഖകളുടെയും സ്ഥിതിവിവരകണക്കുകളുടെയും തലനാരിഴ കീറി പരിശോധിച്ചാണ് 2011-ൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടാണ് ഗാഡ്ഗിൽ റിപ്പോർട്ട് എന്ന് അറിയപ്പെടുന്നത്.
ഗാഡ്ഗിൽ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ട് വികസിത ഭാരതത്തിന് വേണ്ട പ്രകാശവും ഊർജ്ജവും പ്രസരിച്ചുകൊണ്ടേയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |