
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും, വരാനിരിക്കുന്ന വിപത്തുകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്ത മഹാപ്രതിഭ വിടവാങ്ങുമ്പോൾ, വലിയ ശൂന്യതയാണ് പരിസ്ഥിതി ലോകത്ത് ശേഷിക്കുന്നത്. ചെറുപ്പം മുതൽ പ്രകൃതിയുമായി ഇണങ്ങി വളർന്ന മാധവ് ഗാഡ്ഗിൽ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയശേഷം, വെറും സൈദ്ധാന്തിക ശാസ്ത്രജ്ഞനായി ഒതുങ്ങാൻ തയ്യാറായിരുന്നില്ല. ഫീൽഡ് ബയോളജിയിൽ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഭാരതത്തിലെ കാടുകളെയും മലനിരകളെയും അങ്ങേയറ്റം സ്നേഹിച്ചു.
മാധവ് ഗാഡ്‌ഗിൽ എന്ന പേര് ഭാരതീയരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞത് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി (WGEEP) അദ്ധ്യക്ഷൻ എന്ന നിലയിലാണ്. 2011ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക് വലിയൊരു പ്രഹരമായിരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ അദ്ദേഹം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വിപ്ലവാത്മകമായിരുന്നു.
പശ്ചിമഘട്ടത്തെ മൂന്ന് മേഖലകളായി തിരിക്കണമെന്നും, അതിൽ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനം, ക്വാറി എന്നിവ പൂർണമായും നിരോധിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തു. പ്രകൃതി സംരക്ഷണത്തിൽ ഗ്രാമസഭകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഓരോ ഗ്രാമത്തിലെയും പരിസ്ഥിതി എങ്ങനെ സംരക്ഷിക്കണമെന്ന് അവിടത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു.
വികസനം വേണ്ട എന്നല്ല, മറിച്ച് പ്രകൃതിയെ മുറിവേല്പിക്കാത്ത വികസനമാണ് വേണ്ടതെന്ന് അദ്ദേഹം റിപ്പോർട്ടിലൂടെ തെളിയിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് അക്കാലത്ത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി. ഭരണകൂടങ്ങൾ റിപ്പോർട്ടിനെ അട്ടിമറിക്കാൻ ശ്രമിക്കുകയും കസ്തൂരിരംഗൻ റിപ്പോർട്ട് പോലുള്ള ബദൽ സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ പശ്ചിമഘട്ടത്തിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയങ്ങളും ഗാഡ്‌ഗിൽ പറഞ്ഞത് എത്രത്തോളം ശരിയായിരുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |