
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന സാഹചര്യമാണ് എ.കെ. ബാലൻ ചൂണ്ടിക്കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ളാമിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.
യു.ഡി.എഫ് വർഗീയതയെ സമീപിക്കുന്നു എന്നതാണ് പ്രശ്നം.
മാറാട് കലാപത്തിനുശേഷം അന്നത്തെ മുഖ്യമന്ത്രി പ്രദേശത്ത് എത്തിയപ്പോൾ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാൻ പാടില്ലെന്ന് ആർ.എസ്.എസ് നിലപാടെടുത്തു. കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെയാണ് പ്രദേശത്തേക്ക് പോയത്. അതാണ് യു.ഡി.എഫിന്റെ രീതി.
ഏത് വർഗീയതയെ പരാമർശിക്കുമ്പോഴും ആ വർഗീയതയെയാണ് സി.പി.എം എതിർക്കുന്നത്. ജനവിഭാഗത്തെയല്ല. ആർ.എസ്.എസിനെ എതിർക്കുന്നു, ഹിന്ദുക്കളെയാണോ എതിർക്കുന്നത്? ജമാ അത്തെ ഇസ്ലാമിയെ എതിർക്കുന്നു, മുസ്ലിങ്ങളെയാണോ എതിർക്കുന്നത്? എസ്.ഡി.പി.ഐയെ എതിർക്കുന്നു, മുസ്ലിമിനെയാണോ എതിർക്കുന്നത്?
ജനങ്ങൾ തന്നെയാണ് തങ്ങളുടെ കനഗോലു. കൂടുതൽ സീറ്റുകളോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സ്വീകരിക്കും. പത്തു വർഷക്കാലത്തെ അനുഭവം വച്ച് വിധിയെഴുതും. തദ്ദേശ തിരഞ്ഞെടുപ്പ് വ്യത്യസ്ത സാഹചര്യമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ മണപ്പാട് ഫൗണ്ടേഷൻ കേസ് സി.ബി.ഐയ്ക്ക് വിടുന്നത് സംബന്ധിച്ച് നിയമപരമായ പരിശോധനകൾ നടത്തിവരികയാണ്.
വയനാട് പുനരധിവാസ പ്രവർത്തനത്തിൽ സഹകരിച്ചുവെന്നും കോൺഗ്രസുകാർ 300വീട് നിർമ്മിച്ച് നൽകിയെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കർണാടക സർക്കാർ സഹായം നൽകി.അത് കോൺഗ്രസിന്റെ സഹായമായി കരുതാനാവില്ല.
ട്രംപിന്റെ പേരുപോലും
കേന്ദ്രം പറയുന്നില്ല
ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെ മറ്റേതൊരു രാജ്യത്തും സംഭവിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഹൽഗാമിൽ പാക് ഭീകരർ ആക്രമണം നടത്തിയപ്പോൾ അതിനെതിരേ ശബ്ദിക്കാനും ഒപ്പം നിൽക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. അതേ പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയിലെ ജനങ്ങൾക്കും അവകാശമുണ്ട്. വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേരുപോലും പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |