
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങൾ. നിയമോപദേശത്തിനൊപ്പം ചേർത്തിരിക്കുന്ന, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാറിന്റെ വിശദമായ കുറിപ്പിലാണിത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനാണ് നിയമോപദേശം സമർപ്പിച്ചിരിക്കുന്നത്.
പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചെന്ന കാര്യം വ്യക്തമായിരുന്നു. അതിനാൽ, വിധി പറയാൻ ജഡ്ജി അർഹയല്ല. ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വിമർശനം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം 4 പേരെ വിചാരണക്കോടതി വെറുതേവിട്ടത്. ദിലീപ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിലയിരുത്തിയത്. ഒന്ന് മുതൽ ആറുവരെ പ്രതികൾക്ക് 20 വർഷം കഠിനതടവും വിധിച്ചു. കേസിൽ സർക്കാരിന്റെയും പ്രതികളുടെയും അപ്പീലുകൾ അടുത്ത ദിവസങ്ങളിൽ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരും. വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നാകും സർക്കാർ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |