
ലക്‌നൗ: പാകിസ്ഥാൻ പൗരത്വം മറച്ചുവച്ച് ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്‌തിരുന്ന സ്‌ത്രീക്കെതിരെ കേസെടുത്ത് പൊലീസ്. ഫർസാന എന്ന പേരിലാണ് മഹിര അക്തർ എന്ന സ്‌ത്രീ വ്യാജരേഖകൾ ചമച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംശയം തോന്നി അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസിം നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കുംബാരിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ അദ്ധ്യാപികയായാണ് മഹിര അക്തർ ജോലി ചെയ്‌തിരുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് സിംഗ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 318(4), 336, 338, 340 പ്രകാരം വഞ്ചനയ്‌ക്കും വ്യാജരേഖ ചമയ്‌ക്കലിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
1979ൽ പാകിസ്ഥാൻ പൗരനെ വിവാഹം കഴിച്ചതോടെയാണ് മഹിര അക്തറിന് പാകിസ്ഥാനി പൗരത്വം ലഭിച്ചത്. വിവാഹമോചനത്തിന് ശേഷം പാകിസ്ഥാനി പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് 1985ൽ ഇന്ത്യക്കാരനെ വിവാഹം കഴിച്ചു. ഈ സമയത്താണ് ഇന്ത്യൻ പൗരയെന്ന വ്യാജേന കൃത്രിമ രേഖകൾ ചമച്ച് ജോലിയിൽ പ്രവേശിച്ചത്.
വർഷങ്ങൾക്ക് ശേഷം മഹിര അക്തർ പാകിസ്ഥാൻ പൗരത്വമുണ്ടെന്ന് വെളിപ്പെട്ടതോടെ ജോലിയിൽ നിന്നും സ്‌ത്രീയെ സസ്‌പെൻഡ് ചെയ്‌തു. പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മഹിര അക്തറിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച് തുടങ്ങിയെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |