
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രി കണ്‌ഠരര് രാജീവർക്ക് കൃത്യമായ അറിവുണ്ടായിരുന്നെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്.ഐ.ടി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തു. ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രിയുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
തന്ത്രിയെ ചോദ്യം ചെയ്തത് തിരുവനന്തപുരം വലിയതുറയിലെ സേഫ് ഹൗസിലാണ്. അവിടെ ഹാജരാവാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ രാവിലെ 11.30ന് തന്ത്രിയെത്തി. എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വൈകിട്ട് 3.18ന് അറസ്റ്റ് ചെയ്തു.
തന്ത്രിയുടെ ആപ്പിൾ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കണ്‌ഠരര് രാജീവര് തന്ത്രിസ്ഥാനം വഹിച്ചിരുന്ന ബംഗളൂരു ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മേൽശാന്തിയായിരുന്നു. രാജീവര് തന്ത്രിയായിരിക്കെ, പോറ്റി ശബരിമലയിൽ 2004മുതൽ 2008വരെ കീഴ്‌ശാന്തിയുടെ പരികർമ്മിയായിരുന്നു. കാലങ്ങളായി ഇരുവരും തമ്മിൽ ഉറ്റബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തന്ത്രിയുടേത് ഗൗരവ
സ്വഭാവമുള്ള കുറ്റകൃത്യം
തന്ത്രി ചെയ്തത് ഗൗരവസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് സ്വത്തുക്കൾ കവർന്നു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. കുറ്റകരമായ ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. കൊള്ളയടിച്ച സ്വർണം കണ്ടെടുക്കാനുണ്ട്. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കാനുണ്ട്. തന്ത്രിയെ ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കണം. മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും കണ്ടെത്തണം. തന്ത്രിയും പോറ്റുയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അറസ്റ്ര് വിവരം
മകനെ അറിയിച്ചു
അറസ്റ്റ് നോട്ടീസ് തന്ത്രിയുടെ സുഹൃത്തായ നാരായണൻ നമ്പൂതിരിക്ക് നൽകി. അറസ്റ്റ് വിവരം തന്ത്രിയുടെ മകൻ ബ്രഹ്മദത്തനെ എസ്.പി ശശിധരൻ വിളിച്ചറിയിച്ചു. വിവരങ്ങൾ മകന് ഇ-മെയിലായും കൈമാറി. തന്ത്രിക്ക് ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാനിടയുണ്ട്. അനുകൂലമായി മൊഴി നൽകാൻ ദേവസ്വം ജീവനക്കാരെയും സാക്ഷികളെയും പ്രേരിപ്പിക്കാനും ഭീഷണിപ്പെടുത്താനുമിടയുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |