
തിരുവനന്തപുരം: വളർച്ചയിലേക്ക് അതിവേഗം കുതിക്കുന്ന ഇന്ത്യയ്ക്കൊപ്പം പുതിയ കേരളം എങ്ങനെയായിരിക്കണമെന്ന ആശയരൂപീകരണത്തിന് തുടക്കം കുറിച്ച് കേരളകൗമുദി നടത്തുന്ന 'പുതിയ ഇന്ത്യ, പുതിയ കേരളം' കോൺക്ളേവ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഹോട്ടൽ ലെമൺ ട്രിയിൽ വൈകിട്ട് 3ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺക്ളേവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും. രഞ്ജിത്ത് കാർത്തികേയൻ ആമുഖ അവതരണം നടത്തും.
കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സാമ്പത്തിക, സാമൂഹ്യ, വ്യവസായ, വാണിജ്യ മേഖലകളിലും വിദേശബന്ധങ്ങളിലും വൻ വളർച്ചയാണ് രാജ്യം നേടിയത്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നു. ബഹിരാകാശ ശാസ്ത്രം, പ്രതിരോധം, ആയുധനിർമ്മാണം തുടങ്ങിയ മേഖലകളിലും നിർണായക പുരോഗതി കൈവരിച്ചു. ജനങ്ങളുടെ ജീവിത നിലവാരത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിലും വൻമാറ്റങ്ങൾ നേടി.
ഇതിനൊപ്പം കേരളവും വികസനത്തിനൊരുങ്ങുകയാണ്. വിഴിഞ്ഞം തുറമുഖവും ആറുവരി പാതയുടെ നിർമ്മാണവും റെയിൽ ഗതാഗതത്തിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ നടപ്പാക്കിയും കേരളവും രാജ്യത്തിന്റെ കുതിപ്പിനൊപ്പം എത്താൻ ശ്രമിക്കുകയാണ്. അടുത്ത ഇരുപത് വർഷത്തിനിടയിൽ കേരളത്തിന് എത്തിപ്പിടിക്കാനാകുന്ന വികസന ലക്ഷ്യങ്ങൾ വ്യക്തമായി അടയാളപ്പെടുത്താനും അതിലേക്ക് ജനങ്ങളുടേയും ഭരണകർത്താക്കളുടേയും ശ്രദ്ധ കൊണ്ടുവരാനുമാണ് കേരളകൗമുദി ലക്ഷ്യമിടുന്നത്.
കേരളകൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ മേഖലകളിലെ ലക്ഷ്യനിർമ്മാണത്തിനുള്ള കോൺക്ളേവുകൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെ മറ്റു മേഖലകളിലേയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന കോൺക്ളേവുകൾ ഭാവിയിലേക്കുള്ള ദിശാസൂചികയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |