
കൊച്ചി: ഓരോ ജില്ലയിലും ഒരു സിഗ്‌നേച്ചർ മാർട്ട് എന്ന പദ്ധതിയുടെ ഭാഗമായി സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്‌നേച്ചർ മാർട്ട് തലശേരിയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തലശേരിയിൽ നിലവിലുണ്ടായിരുന്ന ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്‌നേച്ചർ മാർട്ടായി ഉയർത്തിയത്. പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വില്പനശാലകൾ പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ സിഗ്‌നേച്ചർ മാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടായിരിക്കും.
ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജീസ് ഡിസൈൻ ചെയ്ത തലശേരിയിലെ സിഗ്‌നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്. സംസ്ഥാനത്ത് 40 ലക്ഷത്തോളം കുടുംബങ്ങൾ പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നണ്ട്. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണിവില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 309രൂപ നിരക്കിലാണ് നൽകുന്നത്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25രൂപ നിരക്കിലും സപ്ലൈകോ നൽകുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലൂടെയും ഗൾഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും നിർവഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ ഷെൽജി ജോർജ്, ടീം തായി പ്രോജക്ട് മാനേജർ അബ്ദുൽ റഹീം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |