
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എആർ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് എത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. ആറര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ക്യാമ്പിൽ നിന്ന് രാഹുലിനെ പുറത്തിറക്കിയത്.
ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം നടക്കുന്നുണ്ട്. ഡിവെെഎഫ്ഐയും യുവമോർച്ചയുമാണ് ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയാണ് രാഹുലുമായി പൊലീസ് ആശുപത്രിയ്ക്ക് ഉള്ളിൽ പ്രവേശിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്.
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |