പൂനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റൺസിനും തകർത്ത് ഇന്ത്യ. ഇന്ത്യയുടെ തുടർച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയമാണിത്. കേശവ് മഹാരാജിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ജഡേജയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്നിംഗ്സിനും 137 റൺസിനുമാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 189 റൺസിന് അവസാനിച്ചു. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം നേടി. വിരാട് കൊഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്. സ്കോർ: ഇന്ത്യ – 601/5 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 275 & 189
ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 67.2 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് നേടി. പരമ്പരയിലെ മൂന്നാം മൽസരം ഈ മാസം 19ന് റാഞ്ചിയിൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് (601/5 ഡിക്ലയേർഡ്) മറുപടിയായി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 275 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്ക് 326 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിരുന്നു. 36/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ വാലറ്രത്ത് ഫിലാണ്ടറും (പുറത്താകാതെ 44), കേശവ് മഹാരാജും (72) നടത്തിയ രക്ഷാപ്രവർത്തനമാണ് 275 വരെയെങ്കിലും എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |