
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയത് നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണെന്ന് പരാതിക്കാരിയുടെ മൊഴി. സുഹൃത്ത് നൽകിയ ഫോൺ നമ്പർ വെറുതെ ഫോണിൽ സേവ് ചെയ്യുകയായിരുന്നു. ഒരിക്കൽപ്പോലും രാഹുലിനെ വിളിച്ചില്ലെന്നും യുവതി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. 2019 മുതൽ കാനഡയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
നാട്ടിലുള്ള പിതാവിന് മൊബൈൽഫോൺ ഓർഡർ ചെയ്യുന്നതിനായി 2023 സെപ്റ്റംബറിൽ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്സാപ്പ് വഴി കൊറിയർ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാൽ സന്ദേശം മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. ഉടനെ തന്നെ മെസേജ് ഡിലീറ്റ് ചെയ്തു. എന്നാൽ പിറ്റേ ദിവസം മുതൽ ഹായ്, ഹലോ എന്നീ സന്ദേശങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിൽ നിന്ന് വന്നുതുടങ്ങി. പിന്നീട് സാംസാരിക്കാൻ തുടങ്ങിയതോടെയാണ് രാഹുൽ കുടുംബ കാര്യങ്ങൾ ഉൾപ്പടെ ചോദിച്ചറിഞ്ഞത്. വർഷങ്ങളോളം പരിചയമുള്ള ആളെ പോലെയാണ് സംസാരിച്ചത്.
വിവാഹിതയാണെന്ന കാര്യം രാഹുലിൽ നിന്ന് മറച്ചുവെച്ചിരുന്നില്ല. ഇടയ്ക്കിടെയുള്ള സംസാരത്തിനിടയിൽ ഭർത്താവിനെക്കുറിച്ചും കുട്ടികളെക്കുറിച്ചും രാഹുൽ ചോദിക്കാറുണ്ടായിരുന്നു. കുട്ടികളില്ലാത്തത് ദാമ്പത്യത്തിലെ ചില പൊരുത്തക്കേടുകൾ കൊണ്ടാണെന്ന് പറഞ്ഞതോടെ രാഹുലിന്റെ മനോഭാവം മാറി. ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ വരാനും തന്നെ വിവാഹം കഴിക്കാനും നിർബന്ധിച്ചു കൊണ്ടിരുന്നെന്നും യുവതി പറയുന്നു.
തനിക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ ജോലിത്തിരക്ക് കാരണം കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയില്ലെന്നും, അതിനാൽ അവർക്ക് നല്ലൊരു അമ്മയെ വേണമെന്നും രാഹുൽ യുവതിയോട് പറഞ്ഞു. താനൊരു നല്ല പങ്കാളി ആയിരിക്കില്ലെന്ന് സമ്മതിച്ച രാഹുൽ, എന്നാൽ കുട്ടികൾക്ക് നല്ലൊരു പിതാവായിരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും മൊഴിയിൽ പറയുന്നു. ഈ ബന്ധം വെറുമൊരു 'ടൈം പാസ്' ആണോ എന്ന് യുവതി സംശയം പ്രകടിപ്പിച്ചപ്പോൾ, നാട്ടിലെത്തുമ്പോൾ തന്റെ കുടുംബാംഗങ്ങളെ നേരിട്ട് പരിചയപ്പെടുത്താമെന്ന് പറഞ്ഞ് രാഹുൽ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |