എസ്.യു.വികളുടെ 'കുഞ്ഞൻ" ശ്രേണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ച പുത്തൻ മോഡലാണ് എസ്-പ്രസോ. മാനുവൽ, എ.എം.ടി ഗിയർ സംവിധാനങ്ങളിലായി ആറു വേരിയന്റുകൾ ഈ മൈക്രോ എസ്.യു.വിക്കുണ്ട്. മാരുതി സുസുക്കിയുടെ അറീന ഷോറൂമുകൾ വഴിയാണ് വില്‌പന. ഡൽഹി എക്‌സ്‌ഷോറൂം വില 3.69 ലക്ഷം മുതൽ 4.91 ലക്ഷം രൂപവരെ.
ഓൾട്ടോ കെ10, സെലെറിയോ എന്നീ മോഡലുകൾക്ക് മദ്ധ്യേ മാരുതി സുസുക്കിയുടെ 'അസാന്നിദ്ധ്യം" പ്രകടമായിരുന്ന ശ്രേണിയിലേക്കാണ് എസ്-പ്രസോയുടെ വരവ്. മാരുതി സുസുക്കിക്ക് പുറമേ മാരുതിയുടെ സ്വന്തം ഉപഭോക്താക്കളെ കൂടി തൃപ്‌തിപ്പെടുത്തുന്ന ശ്രേണിയാണ് എസ്-പ്രസോ തുറന്നിരിക്കുന്നത്. റെനോ ക്വിഡ് പോലൊരു മോഡൽ, മാരുതിയിൽ നിന്ന് പ്രതീക്ഷിക്കുന്നവരെ ആകർഷിക്കുന്ന താരമാണ് എസ്-പ്രസോ.
ക്വിഡിന് റെനോ നൽകിയതു പോലെ, എസ്-പ്രസോയ്ക്ക് ഒരു 'ക്യൂട്ട്" ലുക്ക് പകരാനാണ് മാരുതി ശ്രമിച്ചിരിക്കുന്നത്. എന്നാൽ, എസ്-പ്രസോയുടെ പരുക്കൻ ഭാവങ്ങളാണ് കൂടുതൽ രൂപകല്‌പനയിൽ എടുത്ത് കാണിക്കപ്പെടുന്നത്. എസ്.യു.വി ലുക്കാണ് ഉള്ളതെങ്കിലും കുഞ്ഞൻ വീലുകളാണ് എസ്-പ്രസോയ്ക്ക്. അലോയ് വീൽ ഓപ്‌ഷനുമുണ്ട്. രണ്ടുനിര സീറ്റുകൾ ഉൾപ്പെടുന്ന അകത്തളത്തിലെ സെൻട്രൽ കൺസോളിലും എ.സി വെന്റുകളിലും ഓറഞ്ച് നിറംപൂശി ആകർഷകമാക്കിയിട്ടുണ്ട്. സ്‌റ്റിയറിംഗിൽ ഓഡിയോ കൺട്രോൾ സ്വിച്ചുകളുണ്ട്. വാഗൺആറിലേതിന് സമാന ഇൻഫോടെയ്‌ൻമെന്റ് ടച്ച് സ്‌ക്രീനും കാണാം.
ലളിതമാണ് മുൻഭാഗം. ആർഭാടങ്ങളില്ലാത്ത ഗ്രിൽ. ഓപ്‌ഷണലാണ് ഡേടൈം റണ്ണിംഗ് ലൈറ്ര്. ഡ്യുവൽടോൺ ബമ്പറും ഇടംനേടിയിരിക്കുന്നു. പിന്നിൽ, 240-270 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. ഗ്രൗണ്ട് ക്ളിയറൻസ് 180 എം.എം. ബി.എസ്-6 ചട്ടം പാലിക്കുന്ന കെ10 - 1.0 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. 68 പി.എസ് കരുത്തും പരമാവധി 90 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ലിറ്ററിന് 21.7 കിലോമീറ്ററാണ് മൈലേജ് വാഗ്‌ദാനം.
ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന എസ്-പ്രസോയ്ക്ക് ഡ്യുവൽ എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്), ഹൈസ്‌പീഡ് വാണിംഗ് അലർട്ട്, റിയർ പാർക്കിംഗ് അസിസ്‌റ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഏറെ സുഖകരമാണ് എസ്-പ്രസോയിലെ റൈഡിംഗ്. കാർ ഡ്രൈവിംഗിലേക്ക് പുതുതായി എത്തുന്നവർക്കും ഏറെ അനായാസമായി എസ്-പ്രസോ ഓടിക്കാം. മാനുവലും എ.എം.ടി വേരിയന്റും ഇതേ മികവ് പുലർത്തുന്നു. ഉയർന്ന വേഗതയിലും മികച്ച നിയന്ത്രണം നേടാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |