
റോഡിലെ കുഴി അടയ്ക്കാത്തതിൽ പ്രതിഷേധം
നെടുമങ്ങാട്: റോഡിനു നടുവിൽ പൈപ്പ്പൊട്ടി ശുദ്ധജല ചോർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗതാഗതം തടഞ്ഞു.മൈലം മൂഴി ഗുരുദേവക്ഷേത്രത്തിന് സമീപത്താണ് വാഹനങ്ങൾ തടഞ്ഞത്.പൈപ്പ്ചോർച്ചയെത്തുടർന്ന് രൂപപ്പെട്ട കുഴി അപകടക്കെണിയായിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പരാതിക്കാരെ വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.വാർഡ് മെമ്പർ തോപ്പിൽ ശശിധരന്റെ നേതൃത്വത്തിൽ റോഡിന് കുറുകെ ഉണക്കമരം പിടിച്ചിട്ടും പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വാഴ നട്ടുമാണ് പ്രതിഷേധിച്ചത്. വാഹനങ്ങളുൾപ്പെടെ തടഞ്ഞിട്ടു. അരുവിക്കര പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്ത് വരാതെ പിന്മാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.തുടർന്ന് പൊലീസ് ഇടപെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയായിരുന്നു.അടിയന്തരമായി കുഴി നികത്താനും ചോർച്ച തടയാനും നടപടി സ്വീകരിക്കാമെന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതിനു പിന്നാലെ റോഡിലെ തടസങ്ങൾ നീക്കി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |