കുട്ടികളും രക്ഷിതാക്കളും പരസ്പരം അറിയേണ്ട കാലം: എ.എം സിദ്ദിഖ്
കോഴിക്കോട്: കുട്ടികളും രക്ഷിതാക്കളും പരസ്പരം അറിയേണ്ട കാലമാണ് കടന്നുപോകുന്നതെന്ന് ഫറോക്ക് അസി.കമ്മിഷണർ എ.എം സിദ്ദീഖ്. പുതിയകാലത്ത് വടിയെടുക്കുകയല്ല വേണ്ടത്. മറിച്ച് കുട്ടികൾക്ക് അറിയാവുന്ന ഭാഷയിൽ സംവദിക്കുകയാണ് വേണ്ടത്. എങ്കിലേ നാടിന്റെ നന്മയ്ക്കായുള്ള നല്ല തലമുറയെ വാർത്തെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി 114ാം വാർഷികത്തിന്റെ ഭാഗമായി ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ആരോഗ്യം ആനന്ദം" ആരോഗ്യ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിയ കാലത്തെ അഭിരുചികളെ നമ്മൾ മനസിലാക്കണം. ഹയർസെക്കൻഡറിയിലെ വിദ്യാർത്ഥികളല്ല, ചെറിയ കുട്ടികൾ പോലും മാരകമായ മയക്കുമരുന്നിന്റെ അടിമകളാവുകയാണ്. അപ്പോൾ കുറ്റം കുട്ടികളുടേതാണോ രക്ഷിതാക്കളുടേതാണോ എന്ന ചോദ്യം മാറ്റിവെച്ച് സമൂഹം മാരക വിപത്തിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ബ്യൂറോചീഫ് കെ.പി സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി റഷീദ് ക്ലാസെടുത്തു. കേരളകൗമുദി സർക്കുലേഷൻ മാനേജർ റഷീദ് പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.പിബാബു സ്വാഗതവും റിപ്പോർട്ടർ സതീഷ് കൊല്ലംകണ്ടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |