SignIn
Kerala Kaumudi Online
Wednesday, 14 January 2026 3.44 AM IST

മത്സരം വേണ്ട, ഉത്സവം മതി

Increase Font Size Decrease Font Size Print Page
d

വി. ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലാ പാരമ്പര്യവും ഒത്തുചേരുന്ന,​ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് പൂരങ്ങളുടെ നാട്ടിൽ തിരിതെളിയുകയാണ്. 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്നു മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ വേദിയാകുന്നു. അഞ്ച് രാപ്പകലുകൾ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്കാരിക കരുത്ത് വിളിച്ചോതുന്ന വേദികളായി മാറും.

1957-ൽ ഇരുന്നൂറോളം പേർ മാത്രം പങ്കെടുത്ത ഒരു ചെറിയ കലാമത്സരത്തിൽ നിന്ന് പതിനയ്യായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മഹാസാഗരമായി കലോത്സവം വളർന്നിരിക്കുന്നു. വൈവിദ്ധ്യങ്ങളെ തകർത്ത് ഏകതാനത അടിച്ചേല്‍പിക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത്, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടം കൂടിയാണ് ഈ കലോത്സവം. എല്ലാ സാംസ്കാരിക രൂപങ്ങളെയും ഉൾച്ചേർക്കുന്നതിന്റെ ഭാഗമായി ഗോത്രകലകളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത് ഇതിന് ഉദാഹരണമാണ്. സാമ്പത്തികമായി നാടിനെ ഞെരുക്കുന്ന പ്രതികൂല സാഹചര്യങ്ങളിലും കുട്ടികളുടെ വളർച്ചയ്ക്ക് തടസം നിൽക്കില്ലെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ വിളംബരം കൂടിയാണിത്.

'ഉത്തരവാദിത്വ കലോത്സവം' എന്ന പുതിയ ആശയത്തിലാണ് ഇത്തവണത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി സ്വന്തം കുപ്പികൾ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണം മാത്രം വിളമ്പുക എന്നിവയാണ് പ്രധാന സവിശേഷതകൾ. മത്സരത്തോടൊപ്പം തോൽവിയെ മാന്യമായി അംഗീകരിക്കാനും,​ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മേള കുട്ടികളെ പ്രാപ്തരാക്കുന്നു. സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ ഇതിലൂടെ നമുക്ക് വാർത്തെടുക്കാം.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ഇടതു സർക്കാരിന്റെ നയം 2016 മുതൽ നാം നടപ്പാക്കി വരികയാണ്. 9000 കോടിയോളം രൂപ വിനിയോഗിച്ച് പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി.എട്ടു മുതൽ 12 വരെ ക്ലാസ് മുറികൾ ഹൈടെക് ആക്കിയും, പ്രൈമറി തലത്തിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കിയും, റോബോട്ടിക്സും നിർമ്മിത ബുദ്ധിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും വലിയ മാറ്റങ്ങളാണ് നാം കൊണ്ടുവന്നത്. കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിലും വരുത്തിയിട്ടുണ്ട്.

ഭാവിയിൽ കുട്ടികളുടെ പഠനഭാരവും സ്കൂൾ ബാഗിന്റെ ഭാരവും കുറയ്ക്കാനുള്ള ഗൗരവമേറിയ ആലോചനയിലാണ് സർക്കാർ. ക്ലാസ് മുറികളിൽ മുൻ-പിൻ ബെഞ്ച് വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന രൂപഘടന കൊണ്ടുവരും. ഒരുകുട്ടി പോലും പുറന്തള്ളപ്പെടാതെ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

കലോത്സവങ്ങൾ കേവലം മത്സരവേദികളല്ല, മറിച്ച് അതൊരു സാംസ്കാരിക വിനിമയ പാഠശാലയാണ്. നിർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും അമിതമായ മത്സരബുദ്ധിയോടെ ഇതിനെ സമീപിക്കുന്നത് കുട്ടികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. രക്ഷിതാക്കൾ ഇതിൽ സ്വയം തിരുത്തൽ വരുത്തേണ്ടതുണ്ട്. കുട്ടികൾ നിർഭയമായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കട്ടെ. 'മത്സരം വേണ്ട, ഉത്സവം മതി' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, തൃശ്ശൂരിന്റെ മണ്ണിൽ വിരിയുന്ന ഈ കലാവസന്തത്തെ നമുക്ക് നെഞ്ചിലേറ്റാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.