
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) രാഷ്ട്രീയ നിലപാട് ചർച്ച ചെയ്യുന്ന നിർണായക നിർവാഹക സമിതിയോഗം നാളെ കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെയും, ജോസഫ് വിഭാഗം യോഗം ഉച്ചകഴിഞ്ഞ് മാമ്മൻ മാപ്പിള ഹാളിലും ചേരും. ജോസിന്റെ മുന്നണിമാറ്റ ചർച്ച സജീവമായിരിക്കെ യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് പറയുമ്പോഴും ചില എം.എൽ.എമാർ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന പ്രചാരണവും ചർച്ചയാണ്. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ സ്ഥലത്തില്ലാതിരുന്നതിനാൽ പാർട്ടി ജോസ് കെ.മാണി പങ്കെടുത്തിരുന്നില്ല. മന്ത്രി റോഷി അഗസ്റ്റിനും, മറ്റു നാല് എം.എൽ.എമാരും പങ്കെടുത്തെങ്കിലും ജോസ് വിട്ടു നിന്നതാണ് ശ്രദ്ധാകേന്ദ്രമായത്. മുന്നണിവിടുമെന്ന പ്രചാരണം പിന്നാലെ വന്നതോടെ മന്ത്രി റോഷി അഗസ്റ്റിനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനും 'തുടരു'മെന്ന പോസ്റ്റ് ഫേസ് ബുക്കിലിട്ടു. ഇതോടെ ഇവർ ഇടതുപക്ഷത്ത് നിൽക്കുമെന്നും പിളർപ്പിന് ഇടയാക്കുമെന്നും വ്യാഖ്യാനമുണ്ടായി. പാർട്ടിയിൽ ഭിന്നിപ്പെന്ന തരത്തിൽ വാർത്തകൾക്ക് വഴിയൊരുക്കിയത് റാന്നി എം.എൽ.എയുടെ പോസ്റ്റെന്നാണ് സംസാരം. ഇതും യോഗത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. ഒരു സീറ്റ് സി.പി.എമ്മിന് വിട്ടു കൊടുത്തിരുന്നു. ഇതടക്കം 13 സീറ്റ് വേണമെന്നാണ് ഡിമാൻഡ്. സ്ഥാനാർത്ഥി ചർച്ചയും യോഗത്തിൽ ഉണ്ടായേക്കും.
ജോസ് വന്നാൽ, തലപുകഞ്ഞ് ജോസഫ്
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി പ്രതിനിധികൾക്ക് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകാനാണ് ജോസഫ് ഗ്രൂപ്പ് യോഗം. ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റുചർച്ചയും മാണി ഗ്രൂപ്പിന്റെ യു.ഡി.എഫ് പ്രവേശന ചർച്ച സജീവമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടും യോഗത്തിൽ ചർച്ചയായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |