തൃശൂർ: കൗമാരകലയുടെ ന്യൂജെൻ പോരാട്ടത്തിൽ പ്രതീക്ഷകളോടെ എറണാകുളം ജില്ല. കപ്പുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മെട്രോ ടീം ശക്തന്റെ തട്ടകത്തിൽ കലാമികവുമായി പോരാടുന്നത്. 767 പേരുൾപ്പെട്ടതാണ് സംഘം.
97 സ്‌കൂളുകളിൽ നിന്നാണ് വിദ്യാർത്ഥികൾ. 40 പേരാണ് ഒഫിഷ്യലുകൾ. 2003ന് ശേഷം കപ്പുയർത്താനായിട്ടില്ലെന്നത് ജില്ലയുടെ വാശിയേറ്റുന്നുണ്ട്. കഴിഞ്ഞ വർഷം 980 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു എറണാകുളം.
767 മത്സാരാർത്ഥികളിൽ 20 അപ്പീലുകളുമുണ്ട്. ജില്ലയിലെ കിരീടജേതാക്കളായ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസാണ് പ്രമുഖർ. ചവിട്ടുനാടകം, ബാൻഡ്‌മേളം, നാടകം, വൃന്ദവാദ്യം, സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ സ്‌കൂൾ മാറ്റുരയ്ക്കും. ഗ്രൂപ്പ്, വ്യക്തിഗത കഥകളിയിലും ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, അഷ്ടപദി തുടങ്ങി 26 ഇനങ്ങളിൽ മത്സരാർത്ഥികളുണ്ട്.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസും ഒപ്പത്തിനൊപ്പമുണ്ട്. എച്ച്.എസ് ഗ്രൂപ്പ് ഇനത്തിൽ പൂരക്കളി, പരിചമുട്ട്, പഞ്ചവാദ്യം, കൂടിയാട്ടം ഇനങ്ങളിലും എച്ച്.എസ്.എസ് വിഭാഗത്തിൽ കൂട്ടിയാട്ടം, സംസ്‌കൃതനാടകം ഇനങ്ങളിലുമാണ് സ്‌കൂൾ അരങ്ങിലെത്തുക. ചാക്യാർകൂത്ത്, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം, പാഠകം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും മത്സരിക്കും.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസിൽനിന്ന് 10 ഇനങ്ങളിൽ മത്സരാർത്ഥികളുണ്ട്. മാർഗംകളി, ദേശഭക്തിഗാനം, ഇംഗ്ലീഷ് സ്‌കിറ്റ് തുടങ്ങി കഴിഞ്ഞതവണ എ ഗ്രേഡ് നേടിയ ഇനങ്ങളിൽ ടീം ഇത്തവണയും പ്രതീക്ഷ വയ്ക്കുന്നുണ്ട്.
ഹൈസ്‌കൂൾ വിഭാഗം ദഫ്‌മുട്ടിൽ 10 വർഷം തുടർച്ചയായി എ ഗ്രേഡ് സ്വന്തമാക്കിയ പെരുമ്പാവൂർ തണ്ടേക്കാട് ജെ.എച്ച്.എസ്.എസും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |