
ചെങ്ങന്നൂർ: പി.ഐ.പി ഇടതുകര കനാലിൽ വ്യാപകമായി മാലിന്യം തള്ളിയതിനെ തുടർന്ന് നീരൊഴുക്ക് തടസപ്പെട്ട് ചെങ്ങന്നൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടു. വാഴപ്പിണ്ടികൾ, കാടുംപടലവും, അടുക്കള മാലിന്യം, അറവ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള പ്ലാസ്റ്റിക്-ഇതര മാലിന്യങ്ങളാണ് കനാലിൽ വ്യാപകമായി അടിഞ്ഞുകൂടിയത്.
ഇതോടെ ആറന്മുള, മാലിക്കര, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, ആല, ചെറിയനാട്, കൊല്ലകടവ് വഴി മാങ്കാംകുഴി ഭാഗങ്ങളിലേക്കുള്ള ജലവിതരണമാണ് തടസപ്പെട്ടത്. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി വെള്ളത്തിൽ പ്രവർത്തിക്കുന്ന ബാർജുകൾ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ ദുർഗന്ധം മൂലം വാരിമാറ്റൽ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമായിട്ടുണ്ട്.
ഹരിതകർമ്മ സേനാംഗങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളൽ തുടരുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആറന്മുള, മാവേലിക്കര മണ്ഡലങ്ങളിലെ പി.ഐ.പി കനാലുകളിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ തടസപ്പെട്ട സാഹചര്യമായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരും ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് ഉന്നതതല യോഗം ചേർന്ന് പരിഹാരം കണ്ടെത്തിയിരുന്നു. അതിനിടയിലാണ് ജലവിതരണം തടസപ്പെടുത്തി മാലിന്യപ്രശ്നം രൂക്ഷമായത്.
ജലവിതരണം തടസപ്പെട്ടു
കനാലിന്റെ ശേഷിയേക്കാൾ അധികമായി മാലിന്യം അടിഞ്ഞുകൂടി
ഷട്ടറുകളും സ്ലാബുകളും ഉള്ള ഭാഗങ്ങളിൽ ഒഴുക്ക് തടസപ്പെട്ടു
കർഷകരും പി.ഐ.പി ജീവനക്കാരും മാലിന്യം നീക്കം ചെയ്തെങ്കിലും വീണ്ടും ഒഴുകിയെത്തുന്നു
ഡിസ്ട്രിബ്യൂട്ടറി സെക്ഷനുകളിലേക്ക് വെള്ളം തിരിച്ചുവിടുന്ന ഭാഗങ്ങളിലടക്കം മാലിന്യം നിറഞ്ഞ നിലയിൽ
നെൽച്ചെടികൾക്ക് മൂന്നാം വളമിടാൻ വെള്ളത്തിനായി കർഷകർ നെട്ടോട്ടത്തിൽ
ആദ്യഘട്ട ജലവിതരണം ആരംഭിച്ചത് ഡിസംബർ അവസാനത്തോടെ
ജലസംരക്ഷണ നിയമപ്രകാരം കനാലിൽ മാലിന്യം തള്ളുന്നതും നീരൊഴുക്ക് തടസപ്പെടുത്തുന്നതും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാവുന്ന ഗുരുതര കുറ്റമാണ്. നടപടികളിലേക്ക് നിർബന്ധിതമാകുന്ന സാഹചര്യമാണിത്.
കെ.ബിനു
അസി. എൻജിനിയർ, പി.ഐ.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |