
കോയിപ്രം: ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എം.ഡി.എം.എ എത്തിച്ചുനൽകിയ യുവാവിനെ കോയിപ്രം പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂർ പുന്നക്കപ്പടി സ്വദേശിയായ പാമ്പാടിമണ്ണിൽ ഷിനോ.ബി.എബ്രഹാമാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എം.ഡി.എം.എയുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണിൽ വീട്ടിൽ രാഹുൽ മോഹനെ (31) മാരാമൺ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് കോയിപ്പുറം പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ.രാജീവ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയിലേക്ക് എത്തിയത്. ഷിനോ ബംഗളൂരുവിൽ നിന്ന് രാഹുലിന് എം.ഡി.എം.എ എത്തിച്ചുനൽകി വിൽപ്പന നടത്തുകയായിരുന്നു.
പ്രതി വീട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സുനിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ രാജീവ്, സി.പി.ഒമാരായ ജയേഷ്, പരശുറാം, അഖിൽ, ബിനു, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |