കാസർകോട്: ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹികനീതി വകുപ്പ് വഴി സർക്കാർ നടപ്പിലാക്കുന്ന വയോജന ക്ഷേമ പദ്ധതികൾ വെറും കടലാസ്സിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ് പൂർത്തിയായ വയോജനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും അടിയന്തര സാമ്പത്തിക സഹായവും ചികിത്സയും പരിചരണവും കൗൺസിലിംഗും നൽകുന്ന പദ്ധതികൾക്കായി സർക്കാർ കോടി കണക്കിന് രൂപയാണ് വകയിരുത്തുന്നത്. എന്നാൽ പല പദ്ധതികളും വയോജനങ്ങളിൽ എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന പേരുകൂടി എഴുതി ചേർത്താണ് വയോജന ക്ഷേമത്തിനായി വിനിയോഗിക്കേണ്ടുന്ന ഫണ്ട് വഴിമാറ്റുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഞ്ച് ശതമാനം തുക വയോജന ക്ഷേമത്തിനായി മാറ്റിവെച്ചാണ് മൊത്തം പദ്ധതികൾക്ക് അംഗീകാരം വാങ്ങിക്കുന്നത്. മാനദണ്ഡ പ്രകാരം അഞ്ച് ശതമാനം തുക വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയില്ലെങ്കിൽ പദ്ധതികൾക്ക് അംഗീകാരം ലഭിക്കില്ലെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വയോജന പരിപാലന കേന്ദ്രങ്ങൾ 2024ൽ അധിക സൗകര്യം നൽകി വികസിപ്പിക്കാൻ സായംപ്രഭ ഹോമുകളായി ഉയർത്തിയിരുന്നു. വയോജനങ്ങൾക്ക് ഒത്തുചേരുന്നതിനും മാനസിക ശാരീരിക ഉല്ലാസത്തിനും ചികിത്സ, മരുന്നുകൾ, ആംബുലൻസ്, വിജ്ഞാന ക്‌ളാസുകൾ, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സാമൂഹികനീതി വകുപ്പ് സായംപ്രഭ ഹോമുകൾ ആരംഭിച്ചത്. പകൽനേര വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല.
വയോജന സൗഹൃദ കേന്ദ്രങ്ങൾ നോക്കുകുത്തി
പഞ്ചായത്തുകൾ തോറും വൃദ്ധജനങ്ങൾക്കായി തുടങ്ങിയ വയോജന സൗഹൃദ കേന്ദ്രങ്ങൾ ഇപ്പോൾ നോക്കുകുത്തിയാണ്. പലതും മറ്റു മേഖലയിലുള്ളവർക്ക് പതിച്ചു കൊടുക്കുകയാണ്. വെള്ളിക്കോത്ത് തുടങ്ങിയ വയോജന പരിപാലന കേന്ദ്രത്തിന്റെ പകുതി ഭാഗം ആയുഷ്മാൻ ഭാരത് ക്ലിനിക്ക് തുടങ്ങാൻ നൽകിയിട്ട് മൂന്ന് വർഷമായി. എന്നാൽ ഇതുവരെ തുടങ്ങിയില്ലെന്നു മാത്രമല്ല, സൗകര്യം വൃദ്ധജനങ്ങൾക്ക് തിരിച്ചുനൽകിയിട്ടുമില്ല. കെട്ടിടത്തിലെ പകുതി ഭാഗത്ത് തിങ്ങിഞെരുങ്ങിയാണ് വയോജനങ്ങൾ യോഗങ്ങൾ വരെ കൂടുന്നത്.
ബദിയടുക്കയിലെ വയോജന പരിപാലന കേന്ദ്രം ഹോമിയോ ക്ലിനിക്ക് തുടങ്ങാൻ നൽകിയത് വലിയ വിവാദമായിരുന്നു. ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല. തൃക്കരിപ്പൂർ തങ്കയം മുക്കിലുള്ള വയോജന വിശ്രമ കേന്ദ്രവും ആർക്കും വേണ്ടാതെ കാടുമൂടി കിടക്കുകയാണ്. കാലിക്കടവിലെ വയോജന കേന്ദ്രത്തിൽ അത്യാവശ്യം കായിക വിനോദത്തിനും വിശ്രമത്തിനുമായുള്ള ഉപകരണങ്ങൾ ഏർപ്പെടുത്തി വികസിപ്പിച്ചിട്ടുണ്ട്.
വയോജന ക്ഷേമ പദ്ധതികൾ
സായംപ്രഭ ഹോം പദ്ധതി
മന്ദഹാസം പദ്ധതി
മ്യൂസിക് തെറാപ്പി
വയോമധുരം പദ്ധതി
സായംപ്രഭ ഹോം പദ്ധതി
യോഗ തെറാപ്പി
സെക്കന്റ് ഇന്നിംഗ്‌സ് പ്രോജക്ട്
വയോമിത്രം പദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |