തലശ്ശേരി: പൈതൃക നഗരമായ തലശേരിയുടെ ചരിത്രസ്മാരകങ്ങളായ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ തകർച്ചാഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പ്രദേശം സന്ദർശിച്ചു. 1827ൽ അന്തരിച്ച തലശ്ശേരി കോടതിയിലെ സീനിയർ ജഡ്ജി ജെയിംസ് സ്റ്റീവൻസന്റെ കല്ലറ ഭാഗികമായി തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു സന്ദർശനം. ചെങ്കല്ലിൽ നിർമ്മിച്ച ഈ കല്ലറ മരത്തിന്റെ വേരുകൾ ഇറങ്ങിയും കഴിഞ്ഞ മഴയിലുമാണ് തകർന്നത്.
സെമിത്തേരിയിലെ പൈതൃക കല്ലറകൾ അതേ തനിമയോടെ സംരക്ഷിക്കാൻ നഗരസഭ മുൻകൈ എടുക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഓരോ കല്ലറയും ചരിത്രത്തിലേക്കുള്ള വാതിലാണെന്നും ഇവ സംരക്ഷിച്ച് വിനോദസഞ്ചാരികൾക്കും പഠനാവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു..
എഡ്വേർഡ് ബ്രണ്ണൻ, തോമസ് ഹാർവി ബേബർ, അഗസ്റ്റ് വില്യം സള്ളിവൻ തുടങ്ങിയ നിരവധി പ്രമുഖരുടെ സ്മാരകങ്ങൾ ഈ സെമിത്തേരിയിലുണ്ട്. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ച സ്ഥലത്ത് ഇനിയും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ചെയർമാൻ ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |