കാസർകോട്: കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരായി മഞ്ചേശ്വരം എം.എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി നടത്തുന്ന സത്യാഗ്രഹ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാർ, ജില്ലാ കളക്ടർ കെ. ഇമ്പശേഖരനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാനുള്ള തീരുമാനം. എം.എൽ.എമാരായ എ.കെ.എം അഷ്‌റഫ്, എൻ.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ എന്നിവരും എം. രാജഗോപാലൻ എം.എൽ.എയുടെ പ്രതിനിധിയായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.ആർ ജയാനന്ദയുമാണ് ചർച്ചയിൽ പങ്കെടുത്തത്.
ചർച്ചയിൽ ടോൾ പിരിവ് നിർത്താനാകില്ലെന്നും നിലവിലെ രീതിയിൽ ചുങ്കം പിരിവ് തുടരുമെന്നുമാണ് ദേശീയപാത അതോറിറ്റി നിലപാട് സ്വീകരിച്ചത്. ഇതോടെ സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ പോയി. യോഗത്തിലെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി.
ടോൾ പിരിവിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി എ.കെ.എം. അഷ്‌റഫ് എം.എൽ.എ കുമ്പള ടോൾ ഗേറ്റിന് സമീപം സത്യാഗ്രഹ സമരം നടത്തി വരികയാണ്. പ്രദേശവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതൃത്വം വ്യക്തമാക്കി. സമരത്തിന് ഓരോ ദിവസവും ജനപങ്കാളിത്തവും പിന്തുണയും കൂടി വരികയാണ്.ബി.ജെ.പി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയപാർട്ടി പ്രവർത്തകരും സമരത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം, ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വൈകുകയാണ്.
ടോൾ പ്ലാസയിൽ സംഘർഷം
ടോൾ പിരിവിനെതിരായി ആരിക്കാടിയിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി നൂറുകണക്കിന് മുസ്ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയതോടെ ടോൾ ഗേറ്റിൽ ഇന്നലെ രാത്രി സംഘർഷമുണ്ടായി. സംഘർഷത്തിൽ ടോൾ ബൂത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയും ഗേറ്റും തകർന്നു. വാഹനങ്ങൾ തടയുന്ന ടോൾ ഗേറ്റിലെ ഹാൻഡിലുകൾ അക്രമത്തിൽ തകർന്നു. സ്കാനറുകളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ചു. ടോൾ ഗേറ്റിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. പൊലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |