
സ്റ്റോപ്പ് വേണ്ടത് - ഏറനാട്,ഇന്റർസിറ്റി എക്സ്‌പ്രസുകൾക്ക്
ചിറയിൻകീഴ്: ചിറയിൻകീഴിൽ ഏറനാട്,ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തം. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനുകളിൽ നിലവിൽ ഗുരുവായൂർ എക്സപ്രസിന് മാത്രമാണ് ചിറയിൻകീഴിൽ സ്റ്റോപ്പുള്ളത്.ഏറനാട്,ഇന്റർസിറ്റി തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചാൽ ആലപ്പുഴ വഴി പോകേണ്ട ഭാഗങ്ങളിലെ യാത്രക്കാർക്ക് സഹായകമാകും.
അമൃത് ഭാരത് പദ്ധതിപ്രകാരം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് ലഭിച്ച സൗകര്യങ്ങൾ കൂടുതൽ ജനകീയമാകണമെങ്കിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. ചിറയിൻകീഴ് - കൊല്ലം റൂട്ടിൽ രണ്ടുകോടിയിലേറെ വാർഷിക വരുമാനം ലഭിക്കുന്ന രണ്ടാമത്തെ സ്റ്റേഷനാണ് ചിറയിൻകീഴ്. മാത്രമല്ല ലൂപ് ലൈനുകളില്ലാത്തതിനാൽ ട്രെയിനുകളുടെ സ്റ്റോപ്പേജിന് കൂടുതൽ സമയനഷ്ടവും ഉണ്ടാകുന്നില്ല.
പരിമിതികൾ ധാരാളം
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇടിച്ചുമാറ്റിയ ജെന്റ്സ് ടൊയ്‌ലെറ്റ് പുനഃസ്ഥാപിച്ചിട്ടില്ല
നിലവിൽ ഇപ്പോൾ സ്ത്രീകൾക്കും വികലാംഗർക്കും മാത്രമാണ് ടോയ്‌ലെറ്റ് സൗകര്യമുള്ളത്
അമൃത് ഭാരത് പദ്ധതിപ്രകാരം സ്റ്റേഷനിൽ ലിഫ്ട് സ്ഥാപിക്കുന്ന നടപടികൾക്കും തുടക്കമായിട്ടില്ല
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് പൊക്കം കൂട്ടിയതോടെ, പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളുടെ ഉയരം കുറഞ്ഞതും പ്ലാറ്റ്ഫോമിൽ ആവശ്യാനുസരണം മേൽക്കൂരകളില്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
സ്റ്റേഷന്റെ പ്രസക്തി
ചിറയിൻകീഴ് താലൂക്കിലെ ഏറെ ജനത്തിരക്കുള്ളതും ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതുമായ റെയിൽവേ സ്റ്റേഷനാണ് ചിറയിൻകീഴ്. ആറ്റിങ്ങൽ,കോരാണി,പെരുങ്ങുഴി,കിളിമാനൂർ,വെഞ്ഞാറമൂട്,ആലംകോട് മേഖലയിലുള്ളവർ ദീർഘദൂര ട്രെയിനുകളെയടക്കം ആശ്രയിക്കുന്ന സ്റ്റേഷനാണിത്.
ശാർക്കര ദേവീക്ഷേത്രം,സായിഗ്രാമം തുടങ്ങിയ ഇടങ്ങളിലേക്കും ടൂറിസ്റ്റുകൾ ഏറെയെത്തുന്ന മുതലപ്പൊഴിയിലേക്കും പോകുന്നതിന് ഏറ്റവും അനുയോജ്യമായ സ്റ്റേഷനാണ് ചിറയിൻകീഴ്. അതുകൊണ്ടുതന്നെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ വരുമാനം ഗണ്യമായി കൂട്ടാനും സാധിക്കും.
പുനലൂർ - കന്യാകുമാരി പാസഞ്ചർ,അമൃത,മാവേലി എക്സ്‌പ്രസ് എന്നീ ട്രെയിനുകൾക്കും ചിറയിൻകീഴിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. സ്റ്റോപ്പ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.കെ.ഗോപിനാഥൻ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |