
തൃശൂർ: ട്രെയിനിനു മുകളിൽ കയറി ജാർഖണ്ഡ് സ്വദേശി അരമണിക്കൂറോളം തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി. ഗുരുവായൂരിൽ നിന്നും തൃശൂരിലെത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനിന്റെ മൂന്നാം ബോഗിയുടെ മുകളിൽ കയറിയ യുവാവ് ഇറങ്ങാൻ തയ്യാറായില്ല. ഇന്നലെ ഉച്ചയ്ക്ക് 1.55ഓടെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കെ അറ്റത്തുള്ള മിഠായി ഗേറ്റിന് സമീപമായിരുന്നു സംഭവം.
യുവാവിനെ കണ്ടതോടെ യാത്രക്കാർ ബഹളംവച്ചു. തുടർന്ന് ട്രെയിനുകളിലേക്ക് വൈദ്യുതി നൽകുന്ന ഓവർ ഹെഡ് ലൈൻ ഓഫ് ചെയ്ത്, റെയിൽവേ പൊലീസും യാത്രക്കാരും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവാവ് പറഞ്ഞത്. പടിഞ്ഞാറെക്കോട്ടയിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് യുവാവിനെ മാറ്റി.
ഗുരുവായൂരിൽ നിന്ന് ട്രെയിന് മുകളിൽ കയറിയതാണോ, തൃശൂർ സ്‌റ്റേഷനിൽവച്ചാണോ മുകളിൽ കയറിയതെന്നോ വ്യക്തമല്ല. അരമണിക്കൂറോളം പണിപ്പെട്ടാണ് യുവാവിനെ താഴേക്കിറക്കിയത്. വൈദ്യുതിലൈൻ ഓഫ് ചെയ്തതിനെത്തുടർന്ന് ലോക്മാന്യതിലക് തിരുവനന്തപുരം നോർത്ത് ട്രെയിൻ 20 മിനിറ്റോളം വൈകിയാണ് ഓടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |