
കിളിമാനൂർ: നിർമ്മാണകലയിലെ സാങ്കേതികതയും,ചിത്രകലയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് ലണ്ടനിലെ ലങ്കാഷെയറിലെ പ്രസ്റ്റണിൽ ശ്രദ്ധേയമാവുകയാണ് 27കാരിയായ മഞ്ജിമ അനിൽകുമാർ.
പൈതൃകം,വാസ്തുവിദ്യ,പൊതുയിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി വിഷ്വൽ ആർട്ടിസ്റ്റായ മഞ്ജിമ,തന്റെ വൈദഗ്ദ്ധ്യം കൊണ്ട് യു.കെയിലെ കലാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു. യൂണിവേഴ്സിറ്റി ഒഫ് ലങ്കാ ഷെയറിൽ നിന്ന് 2023ൽ കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം നേടിയ മഞ്ജിമ അനിൽകുമാർ,കെട്ടിടനിർമ്മാണത്തിലെ സാങ്കേതിക കൃത്യതയും ലാർജ് സ്കെയിൽ ഫൈൻ ആർട്ടും തമ്മിലുള്ള അപൂർവ സംഗമമാണ് തന്റെ സൃഷ്ടികളിലൂടെ ആവിഷ്കരിക്കുന്നത്.
പ്രസ്റ്റണിലെ 'കൊച്ചി ബേ' റെസ്റ്റോറന്റിന്റെ പുറംചുമരിൽ മഞ്ജിമ വരച്ച കൂറ്റൻ മ്യൂറൽ പെയിന്റിംഗ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. യു.കെയിലെ മലയാളി വേദികളിൽ മഞ്ജിമ വരച്ച പോർട്രെയ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ജിമ ഒരുക്കിയ 'ഹാഫ് തെയ്യം' ഫേസ് പെയിന്റിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.
നിർമ്മാണ മേഖലയിലെ അനുഭവപരിചയം നൽകുന്ന ആത്മവിശ്വാസം തന്റെ വലിയ ക്യാൻവാസുകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് മഞ്ജിമ പറയുന്നു. നിലവിൽ ലങ്കാഷെയറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം,തന്റെ ക്രിയേറ്റീവ് പോർട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മഞ്ജിമ.
കുമ്മിൾ പഞ്ചായത്തിൽ പാറമുകളിൽ വീട്ടിൽ അനിൽകുമാർ - ബൈജു ദമ്പതികളുടെ മകളാണ് മഞ്ജിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |