
പേരാവൂർ : പേരാവൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന എ.കെ.സാദിഖിന് ലഭിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി സമ്മാനാർഹമായ ടിക്കറ്റ് തോക്കുചൂണ്ടി കവർന്നു.
ഇതുമായി ബന്ധമുള്ള മുഴക്കുന്ന് ചാക്കാടിലെ ഷുഹൈബ് (30) പിടിയിലായി.
ലോട്ടറി ടിക്കറ്റിന് സർക്കാർ നൽകുന്നതിലുമധികം തുക നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബുധനാഴ്ചയാണ് അഞ്ചംഗ സംഘം സാദിഖിന്റെ സ്ഥാപനത്തിലെത്തിയത്. ടിക്കറ്റ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തിയശേഷം രാത്രിയോടെ തുകയുമായി എത്താമെന്ന് പറഞ്ഞ് സംഘം മടങ്ങി.
വിശ്വാസത്തിനായി സംഘാംഗമായ ഷുഹൈബിനെ സാദിഖിന്റെ സ്ഥാപനത്തിൽ നിർത്തിയായിരുന്നു മടങ്ങിയത്. രാത്രി ഒൻപതോടെ തിരിച്ചെത്തിയ ഇവർ പണം പേരാവൂർ ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാറിലാണെന്നും ടിക്കറ്റുമായി എത്തണമെന്നും സാദിഖിനോട് ആവശ്യപ്പെട്ടു. സുഹൃത്തായ വിജീഷിനൊപ്പം സാദിഖ് കാറിനടുത്തെത്തിയപ്പോൾ സംഘം തനിനിറം കാട്ടി. ടിക്കറ്റുമായി വിജീഷ് കയറിയതോടെ കാർ മുന്നോട്ടെടുത്തു. ഒരാൾ കഴുത്തിൽ തോക്കു ചൂണ്ടിയാണ് ടിക്കറ്റ് തട്ടിയെടുത്തതെന്ന് മോചിപ്പിക്കപ്പെട്ടശേഷം വിജീഷ് പൊലീസിന് മൊഴി നൽകി.
വിജീഷുമായി കാർ പാഞ്ഞുപോയപ്പോൾ, കടയിൽ നിർത്തിയിരുന്ന ഷുഹൈബിനെ സാദിഖ് തടഞ്ഞുവച്ചു. ഷുഹൈബിനെ കാക്കയങ്ങാട് ടൗണിൽ എത്തിച്ചാൽ വിജീഷിനെ വിട്ടുനല്കാമെന്ന് പറഞ്ഞതോടെ സാദിഖിന് അനുസരിക്കേണ്ടിവന്നു. മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പാറക്കണ്ടത്ത് റോഡരികിൽ വിജീഷിനെ സംഘം ഇറക്കിവിട്ടു. വിവരം ലഭിച്ചതനുസരിച്ച് അന്വേഷണം നടത്തിയ പേരാവൂർ പൊലീസ് ഷുഹൈബിനെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |