നെയ്യാറ്റിൻകര: ദുരൂഹത ഒഴിയാതെ നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞു വീണ് മരിച്ച സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ കുഞ്ഞിന്റെ മാതാപിതാക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലങ്ങളും ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛനെ 18 മണിക്കൂറോളവും അമ്മയെ 6 മണിക്കൂറോളവുമാണ് ചോദ്യം ചെയ്തത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അമ്മയുടെ ആരോപണം.
നെയ്യാറ്റിൻകര കവളകുളം സ്വദേശി ഷിജിൽ-കൃഷ്ണപ്രിയ ദമ്പതികളുടെ ഏകമകൻ ഇഹാനാണ് വെള്ളിയാഴ്ച വൈകിട്ട് കുഴഞ്ഞു വീണത്. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഷിജിൽ കൊണ്ടുവന്ന ബിസ്കറ്റും മുന്തിരിയും കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയിരുന്നു. ഇത് കഴിച്ച് അരമണിക്കൂറിന്ശേഷമാണ് കുഞ്ഞ് കുഴഞ്ഞുവീണത്. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ചുണ്ടിനും വായയ്ക്കും നിറവ്യത്യാസമുണ്ടായി. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ,മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കുഞ്ഞ് കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളുകൾ ഫോറസിക് വിദഗ്ദ്ധർ ശേഖരിച്ചിട്ടുണ്ട്. അതേസമയം,മാതാപിതാക്കളെ ചോദ്യം ചെയ്തതിൽ ദുരൂഹതയൊന്നും നിലവിൽ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മൈക്ക് സെറ്റ് ഓപ്പറേറ്ററായ ഷിജിലും ഭാര്യ കൃഷ്ണപ്രിയയും നേരത്തെ സ്വരച്ചേർച്ചയിലായിരുന്നില്ല. ഇതിനിടെ രണ്ട് മാസം മുമ്പ് ഇണക്കത്തിലാകുകയും കവളാകുളത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചത്. ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്തുവീണ് പരിക്കേറ്റിരുന്നു. നെഞ്ചിൽ ഇതേത്തുടർന്ന് നീർക്കെട്ട് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |