കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ദൃശ്യം പകർത്തിയ യുവതിക്കെതിരേ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രൂക്ഷവിമർശനം. പ്രതിഷേധം ശക്തമായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. യുവതി പകർത്തിയ ദൃശ്യങ്ങളിൽ ചില രംഗങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോയെന്നതും മറ്റും വിശദമായി പരിശോധിക്കുന്നതിന് ഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവതിയുടെത് പക്വതയില്ലാത്ത നിലപാടാണെന്നും സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ യുവാവിനെ ബലി കൊടുത്തെന്നും ചിലർ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഇത്തരം വീഡിയോകൾ എടുത്താൽ തക്കതായ ശിക്ഷ കിട്ടുമ്പോൾ ഇന്ത്യയിൽ ആർക്കും എന്തും ആവാമെന്നും ചിലർ സോഷ്യൽ മീഡിയയിൽ എഴുതി. ജീവനൊടുക്കിയ യുവാവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ടി.സിദ്ദീഖ് എം.എൽ.എയും രംഗത്തെത്തി. 'ആ സ്ത്രീക്കെതിരേ നിയമനടപടികൾ ഉണ്ടാവണം. തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാൻ നിയമസംവിധാനങ്ങളുണ്ട്. പകരം സമൂഹത്തിന് വിട്ട് കൊടുക്കുന്നത് കാട്ടു നീതിയല്ലേ? ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ' സിദ്ദീഖ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ദീപക്കിന്റെ വീട്ടിലെത്തി. യുവതിക്കെതിരെ കേസെടുത്തില്ലെങ്കിൽ ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ അദ്ധ്യക്ഷൻകെ.പി പ്രകാശ്ബാബു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ് യാത്രക്കിടെ ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു.ദീപകിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപകിന്റെ ആത്മഹത്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |