
തിരുവനന്തപുരം: പേട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരട്ട സഹോദരങ്ങളിൽ ഒരാൾക്ക് ദാരുണാന്ത്യം. കുന്നുകുഴി ആർ.സി ജംഗ്ഷൻ ടി.സി 26/1304 തട്ടാരടി വീട്ടിൽ ടി.എ.രാജന്റെയും എം.ലിൻസിയുടെയും മകൻ അഖിലാണ് (21) മരിച്ചത്. ചാക്ക ഗവ.ഐ.ടി.ഐയിലെ ഒന്നാം വർഷ സി.ഒ.പി.എ വിദ്യാർത്ഥിയാണ്.
ഇന്നലെ പുലർച്ചെ 1.15ന് കേരളകൗമുദി സ്‌ക്വയറിന് സമീപമായിരുന്നു അപകടം. ബൈക്കിൽ ചാക്കയിൽ നിന്ന് പാറ്റൂർ ഭാഗത്തേക്ക് പോകുന്നതിനിടെ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പാളയം ഭാഗത്തു നിന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്ക് പോയ പേരൂർക്കട സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അലൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാണ്.
പിതാവ് ടി.എ.രാജൻ നിയമസഭയിൽ ഗാർഡനിംഗ് ജീവനക്കാരനാണ്. അഖിലിന്റെ ഹൃദവാൽവുകൾ ദാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദാനം ചെയ്തു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നാലാഞ്ചിറ പള്ളിയിൽ നടക്കും. ഒരാഴ്ചയ്‌ക്കിടെ പേട്ടയിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |