കൊല്ലം: സംസ്ഥാനം പാൽ ഉത്പാദനത്തിൽ റെക്കാഡ് വളർച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം 'പടവ് 2026' സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വലുതാണ്. കാർഷിക കേരളത്തിന്റെ സുസ്ഥിര വികസന വാഗ്ദാനമായി ക്ഷീരമേഖല ഉയർന്നു. ക്ഷീരമേഖലയിൽ യുവസംരംഭകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. പാലിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം അടുക്കുകയാണ്.
നവകേരള നിർമ്മാണത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ ആധുനികവത്കരണം ആവശ്യമാണ്. ശാസ്ത്രീയമായ പരിപാലനരീതികൾ കൂടുതലായി അവലംബിക്കണം. പാൽ ഉത്പാദനത്തോടൊപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം വിപുലീകരിക്കണം. പ്രാദേശികതലത്തിൽ സഹകരണ സംഘങ്ങൾവഴിയും പാൽ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കണം. ഓട്ടോമാറ്റിക് മിൽക്കിംഗ് യന്ത്രങ്ങളും ഗ്രാമങ്ങളിൽ അടക്കം സാധാരണമാകാൻ വ്യവസായവകുപ്പുമായി ചേർന്ന് ക്ഷീരവികസന വകുപ്പ് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. എം.മുകേഷ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കളക്ടർ എൻ. ദേവിദാസ്, മിൽമ ചെയർപേഴ്‌സൺ കെ.എസ്.മണി, മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മണ്ണുത്തി വെറ്ററിനറി സയൻസ് യൂണിവെഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, മിൽമ മേഖല അദ്ധ്യക്ഷരായ മണി വിശ്വനാഥ്, സി.എൻ. വത്സലൻ പിള്ള, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ പള്ളിച്ചൽ വിജയൻ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറി എ.ടി. ഷിബു തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |