
കൊച്ചി: ഡാർക്ക്നെറ്റും ക്രിപ്‌റ്റോ കറൻസിയും ഉപയോഗിച്ച് നടത്തിയ മയക്കുമരുന്ന് വ്യാപാരക്കേസിൽ രണ്ടു മലയാളികൾക്കായി ഇന്റർപോൾ ഓസ്ട്രേലിയയിലും യു.കെയിലും റെഡ്കോർണർ നോട്ടീസ് പുറത്തിറക്കും. ഇടപാടുകളിലെ മുഖ്യകണ്ണിയായ പ്രദീപ് ഭായിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
2025 ജൂണിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് (എൻ.സി.ബി) കെറ്റാമെലോൺ എന്ന മയക്കുമരുന്ന് ശൃംഖലയെ കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ, അരുൺ തോമസ് എന്നിവർ അറസ്റ്റിലായ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കൂട്ടുപ്രതികളായ സന്ദീപ് യു.കെയിലും ദീപക് ഓസ്ട്രേലിയയിലുമാണുള്ളത്. വിദേശത്തുനിന്ന് മയക്കുമരുന്ന് അയച്ചിരുന്നത് സന്ദീപാണ്. ക്രിപ്‌റ്റോ കറൻസിയിൽ പണമിടപാടുകൾ നടത്തുന്നതും ഹവാലവഴി ഇന്ത്യയിൽ കൈമാറ്റം ചെയ്‌തിരുന്നതും ദീപക്കാണ്.
കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾവഴി എൻ.സി.ബി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്ന ബ്ളൂകോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചത്. ഇവരെ കണ്ടെത്തി കൈമാറുന്നതിനുള്ള റെഡ്കോർണർ നോട്ടീസിനുള്ള നടപടികൾ പൂർത്തിയായതായി എൻ.സി.ബി വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
ആരാണ് പ്രദീപ് ഭായി ?
യു.കെയിലെ ഗുൻജഡിൻ എന്നയാളിൽനിന്ന് ശേഖരിക്കുന്ന മയക്കുമരുന്ന് പ്രദീപ് ഭായി എന്നയാളാണ് ഇന്ത്യയിൽ വിതരണം ചെയ്‌തിരുന്നത്. പേരൊഴികെ യാതൊരുവിവരവും ആറുമാസം കഴിഞ്ഞും ലഭിച്ചിട്ടില്ല. അറസ്‌റ്റിലായവർക്കും നേരിട്ടറിയില്ല. ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയെന്ന് കരുതുന്ന ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
കേസ് ഇങ്ങനെ
2025 ജൂൺ 28ന് തപാൽ പാഴ്സലിൽ 280 എൽ.എസ്.ഡി സ്‌റ്റാമ്പ് കൊച്ചിയിലെത്തി
29ന് എഡിസന്റെ വീട്ടിൽ നിന്ന് 847 എൽ.എസ്.ഡിയും 131.66ഗ്രാം കെറ്റാമൈനും പിടികൂടി
കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ നിന്ന് 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറൻസി ലഭിച്ചു
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് തകർത്തു
എഡിസന്റെ സഹായി അരുൺതോമസും അറസ്റ്റിലായി
ഡിസംബർ 29ന് കുറ്റപത്രം സമർപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |