
ഇതുവരെ നടത്തിയത് 325 പെൺകുട്ടികളുടെ വിവാഹം
തോപ്പുംപടി: പണമില്ലാത്തതിന്റെ പേരിൽ പെൺകുട്ടികളുടെ വിവാഹം മുടങ്ങരുതെന്ന് മട്ടാഞ്ചേരി സ്വദേശി ഷമീർ വളവത്തിന് നിർബന്ധമുണ്ട്. സദ്യയൊരുക്കിയും വിവാഹവസ്ത്രവും സ്വർണവും നൽകിയും 49കാരനായ ഷമീർ ഇതുവരെ നടത്തിയത് 325 നിർദ്ധന പെൺകുട്ടികളുടെ വിവാഹം. അടുത്തയാഴ്ച രണ്ട് പെൺകുട്ടികളുടെ വിവാഹത്തിന് ഷമീർ ചെയർമാനായ മഹാത്മ സ്നേഹക്കൂട്ടായ്മ ചുക്കാൻ പിടിക്കും.
കൊവിഡ് കാലത്ത് പിതാവ് മരിച്ച ഒരു പെൺകുട്ടിയുടെ വിവാഹം നടത്തി, 50 പേർക്ക് സദ്യയൊരുക്കിയാണ് ഷമീർ ഈ പ്രവർത്തനം തുടങ്ങിയത്. പിന്നാലെ കൂടുതൽ സഹായാഭ്യർത്ഥനകളെത്തി. പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടികൾക്കാണ് മുൻഗണന. ഒരേസമയം മൂന്ന് വിവാഹങ്ങൾക്ക് വരെ സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്. എല്ലാം അടുത്തറിയാവുന്നവരുടെ സഹായംകൊണ്ടാണ്. ഇവന്റ് മാനേജ്മെന്റ് ബിസിനസിൽ നിന്നുള്ള വരുമാനവും ഇതിനായി ഉപയോഗിക്കും.
രണ്ടു മാസം മുമ്പ് അപേക്ഷകൾ സ്വീകരിച്ചാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. ഇതിൽ ജാതിമത പരിഗണനകളില്ല. എല്ലാ വർഷവും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും നൽകുന്നുണ്ട്. ഗുരുതര രോഗങ്ങളാൽ ആശുപത്രിയിൽ കഴിയുന്നവർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം കണ്ടെത്താറുമുണ്ട്. അസീസ് സേഠ്, ഉസ്മാൻ സേഠ് എന്നിവരുൾപ്പെടെയുള്ള സുഹൃദ്‌വലയം ശക്തമായ പിന്തുണ നൽകുന്നു. വിവാഹിതരായ മൂന്ന് പെൺമക്കളും ഭാര്യ സുനിതയും എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |