
കോട്ടയം : പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിലെ പരാജയം കൂടിയതോടെ, വിദേശകുടിയേറ്റം ഏറെയുള്ള ജില്ലയിലെ വിദ്യാർത്ഥികളുടെ ആശങ്ക അവസാനിക്കുന്നില്ല. ലേണേഴ്സ് കഴിഞ്ഞ് ടെസ്റ്റിന് സ്ളോട്ട് ലഭിക്കാൻ ആറുമാസം വരെ നീളും. ഇതിനിടെ ടെസ്റ്റ് ജയിച്ച് വിദേശത്ത് പോയി ഇന്റർനാഷണൽ ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരേറെയും പരാജയപ്പെടുകയാണ്. അടുത്ത സ്ലോട്ട് ലഭിക്കാൻ ആറുമാസം കാത്തിരിക്കണം. ഇതോടെ വിദേശ പഠനവും അവതാളത്തിലാകും. അതിനാൽ ലൈസൻസ് എടുക്കാതെ പോകുന്നവരും അന്യസംസ്ഥാനങ്ങളിൽ പോയി ലൈസൻസ് എടുക്കുന്നവരുമേറി. കോട്ടയത്ത് ആർ.ടി.ഒയെ സ്ഥിരമായി നിയമിക്കാത്തതിനാൽ പരാതി അറിയിക്കാനുമാകുന്നില്ല. മുൻപ് 70 ശതമാനം പേർ ജയിച്ചിരുന്നെങ്കിൽ ഇപ്പോഴത് 35 - 50% ആണ്. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയാറായവർ, വിദേശത്തേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവരിൽ വിസയും വിമാന ടിക്കറ്റും ഹാജരാക്കുന്നവർക്കും തീയതിയിൽ ഇളവുണ്ട്. പക്ഷേ ജയിക്കാതെ തരമില്ലല്ലോ.
മുന്നോട്ട് പോകുന്തോറും പണച്ചെലവേറും
പലരും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ യാത്ര തിരിച്ചു
ഡ്രൈവിംഗ് പരിശീലനം നേടിയവരുടെ ടച്ച് വിട്ടുപോകും
ഇവരെയെല്ലാം വീണ്ടും പരിശീലിക്കാൻ പണച്ചെലവ്
രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കാനാവില്ല
തമിഴ്‌നാട്ടിൽ നൂലാമാലകളില്ല
കാര്യമായ നൂലാമാലകളില്ലാത്തതിനാൽ തമിഴ്നാടിനെ ലൈസൻസിനായി ആശ്രയിക്കുന്നവരേറിയെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. ലേണേഴ്സിന് അപേക്ഷിച്ചാൽ ആഴ്ചകൾക്കുള്ളിൽ ടെസ്റ്റ് നടത്തി ലൈസൻസ് ലഭിക്കും. 18-22 പ്രായക്കാരാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിൽ സ്ത്രീകളാണ് ഏറെയും പരാജയപ്പെടുന്നത്.
ജില്ലയിൽ 400 ഡ്രൈവിംഗ് സ്‌കൂളുകൾ
'' പരാജയപ്പെടുന്നവരുടെ എണ്ണം ഏറുമ്പോൾ കാത്തിരിക്കുകയല്ലാതെ മറ്റ് വഴികളില്ല. സ്ഥിരം ആർ.ടി.ഒയുടെ സേവനം ജില്ലയിൽ ഇല്ലാത്തത് ലൈസൻസ് ലഭിച്ചവരെയും ബാധിക്കുന്നുണ്ട്.
-എ.എം.ബിന്നു, (സംസ്ഥാന കമ്മിറ്റി അംഗം ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |