
അടുത്തഘട്ട വികസനം പൂർത്തിയാവുമ്പോൾ വിഴിഞ്ഞം തുറമുഖം ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയിലേറെ ശേഷിയിലേക്ക് വളരും. നിലവിലെ 10ലക്ഷം കണ്ടെയ്നർ പ്രതിവർഷ ശേഷിയെന്നത് അടുത്തഘട്ടങ്ങൾ തീരുന്നതോടെ 57ലക്ഷം കണ്ടെയ്നറുകളെന്നായി വിപുലീകരിക്കപ്പെടും. അതോടെ ലോകത്തെ വമ്പൻ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തും. കണ്ടെയ്നർ, ലോജിസ്റ്റിക്സ് വ്യവസായ മേഖലകൾ ശക്തിപ്പെടുകയും കയറ്റുമതി- ഇറക്കുമതി സാദ്ധ്യമാവുകയും ചെയ്യുന്നതോടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖത്തു നിന്ന് കയറ്റുമതി ആരംഭിക്കുന്നതോടെ മൂല്യവർദ്ധിതവുമായ കൃഷിയും അനുബന്ധ മേഖലകളും വഴി ആഗോള വിപണി ബന്ധങ്ങൾ ശക്തിപ്പെടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നിലവിലെ 800 മീറ്റർ ബർത്ത് 1200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2000 മീറ്ററാക്കുന്നതോടെ നിരവധി കൂറ്റൻകപ്പലുകൾക്ക് ഒരേസമയം ചരക്കിറക്കാനാവും. കപ്പലുകളുടെ കാത്തുകിടപ്പ് സമയം കുറയുന്നതോടെ കൂടുതൽ കപ്പലുകൾ ഇവിടേക്കെത്തും. തുറമുഖാധിഷ്‌ഠിതവും ലോജിസ്റ്റിക്സ് നിയന്ത്രിതവുമായ വ്യവസായവത്കരണം വരുന്നതോടെ വൻതോതിൽ തൊഴിലവസരങ്ങളുമുണ്ടാവും.
അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ തീരദേശ ചരക്കുനീക്കം മെച്ചപ്പെടുത്താനും വിഴിഞ്ഞത്തെ ചരക്കുനീക്കത്തിനുള്ള പ്രത്യേക ഇടനാഴികഴിളുമായും സംയോജിപ്പിക്കാനും സർക്കാരിന് പദ്ധതിയുണ്ട്. സർക്കാർ നിർമ്മിക്കുന്ന രണ്ട് ക്രൂയിസ് വെസലുകൾ വിഴിഞ്ഞത്തു നിന്ന് കൊച്ചി, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിലേക്ക് തീരദേശ ക്രൂയിസ് സേവനങ്ങൾ തുടങ്ങും. വിഴിഞ്ഞം തുറമുഖത്തെ ഭാരത്‌മാല പദ്ധതിയുമായി ബന്ധിപ്പിക്കാനും ശ്രമം തുടരുകയാണ്. അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ കടൽവഴിയുള്ള ചരക്കുഗതാഗതം സജീവമാവും. ഇതരതുറമുഖങ്ങളിൽ നിന്ന് വിഴിഞ്ഞത്തേക്ക് ചരക്കു നീക്കമുണ്ടാവും.
കയറ്റുമതി-ഇറക്കുമതി തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാനുദ്ദേശിച്ചുള്ളതാണ് അടുത്തഘട്ട വികസനം. 10,000കോടിയാണ് അദാനി മുടക്കുന്നത്. സർക്കാർ ഈ ഘട്ടത്തിൽ പണം മുടക്കുന്നില്ല. 'എക്സിം" തുറമുഖമാവുന്നതോടെ പ്രാദേശികമായ ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്കും വ്യവസായ വികസനത്തിനും വഴിയൊരുങ്ങും. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതോടെ തുറമുഖത്തിന്റെ ഗുണഫലം തദ്ദേശീയർക്ക് ലഭ്യമായിത്തുടങ്ങും. കയറ്റുമതി, ഇറക്കുമതി തുറമുഖമാവുന്നതോടെ കണ്ടെയ്നർ, ലോജിസ്റ്റിക്സ് ബിസിനസുകളും വളരും. രാജ്യത്തേക്ക് ചരക്കുമായെത്തുന്ന കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് അടുപ്പിക്കുന്നതോടെ ഇവിടെ നിന്ന് ചെറുകപ്പലുകളിൽ കണ്ടെയ്നർ നീക്കം സാദ്ധ്യമാവും. ആഡംബര കപ്പലുകളെത്തുന്നതോടെ ടൂറിസം മേഖലയും വളരും. ഷിപ്പിംഗ്, ലോജിസ്റ്റിക് കമ്പനികൾ വിഴിഞ്ഞത്തേക്കെത്തുന്നതോടെ തൊഴിലും കൂടും.
250മീറ്ററിലെ ലിക്വിഡ് കാർഗോബർത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യവുമുണ്ട്. മൾട്ടിപർപ്പസ് ബർത്തുകളിൽ അരി,കൽക്കരി, യന്ത്രഭാഗങ്ങളടക്കം ഇറക്കാം. വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും ഗുണകരമാണിത്. തോട്ടണ്ടിയടക്കം ഇറക്കുമതി ചെയ്യാം. സംസ്കരിച്ച മത്സ്യം, പച്ചക്കറി,പഴങ്ങൾ, തേൻ,പൂക്കൾ, കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയെല്ലാം കയറ്റുമതി ചെയ്യാനാവും. 30ലക്ഷം കണ്ടെയ്നർ വാർഷികശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമ്മിക്കാനാവശ്യമായ 77.17ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഡ്രഡ്ജിംഗിലൂടെ കടൽ നികത്തിയാണ് കണ്ടെത്തുക.
കപ്പലുകൾ കാത്തുകിടക്കും
അടുത്തഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. പുതിയബർത്തുകൾ വരുന്നതോടെ ചരക്കുനീക്കം വേഗത്തിലാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. അടുത്തഘട്ടം പൂർത്തിയാവുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബാവും. അപ്പോഴേക്കും പാസഞ്ചർ കാർഗോഷിപ്പ്‌മെന്റ് സൗകര്യങ്ങളുമെത്തും. ബർത്ത് 2000മീറ്ററാവുന്നതോടെ യാർഡിലെ കണ്ടെയ്നർശേഷി രണ്ടിരട്ടിയാവും. നിലവിൽ 32ക്രെയിനുകളുള്ളത് അറുപതാവും. മൾട്ടിപർപ്പസ് ബർത്തുകളിൽ ക്രൂഡ്ഓയിലോ ഇന്ധനങ്ങളോ എൽ.എൻ.ജിയോ കൊണ്ടുവരാം.
റെയിൽപാത കടലാസിൽ
തുറമുഖത്തേക്കുള്ള 9.5കി.മീറ്റർ തുരങ്ക റെയിൽപ്പാത പദ്ധതിക്ക് ഇതുവരെ അനുമതിയായിട്ടില്ല. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ടെൻഡർ രേഖയിലെ ആർബിട്രേഷൻ വ്യവസ്ഥ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ഈ വ്യവസ്ഥ 1988ൽ ടെൻഡറുകളിൽനിന്ന് ഒഴിവാക്കിയതാണെന്നുമാണ് സർക്കാരിന്റെ നിലപാട്. പദ്ധതി നടത്തിപ്പിനുള്ള കൊങ്കൺ റെയിൽ കേന്ദ്ര കമ്പനിയാണെന്നും കേന്ദ്രസർക്കാരിന്റെ ടെൻഡറുകളിലുള്ള ആർബിട്രേഷൻ വ്യവസ്ഥ ഒഴിവാക്കി തുരങ്കറെയിലിന് ടെൻഡർ വിളിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. നിർമ്മാണത്തിൽ കാലതാമസം വരുത്തുകയോ ചെലവ് ഏറുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവാൻ ഇടയുള്ളതിനാൽ നിർമ്മാണ കരാറിൽ ആർബിട്രേഷൻ വ്യവസ്ഥ പറ്റില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |