SignIn
Kerala Kaumudi Online
Thursday, 22 January 2026 3.55 AM IST

പുരുഷ പീഡനത്തിനെതിരെയും നിയമങ്ങൾ അത്യാവശ്യം

Increase Font Size Decrease Font Size Print Page

s

പുരുഷന്മാർക്കു നേരെയുള്ള പീഡനങ്ങൾ വർദ്ധിച്ചുവരികയാണ്. കോഴിക്കോട്ട്, ബസിൽ ശല്യംചെയ്തുവെന്ന് ആരോപിച്ച്, തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യം പകർത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്ര് ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതും, ഉത്തരവാദിയായ യുവതി റിമാൻഡിലായതും കഴിഞ്ഞ ദിവസമാണ്. ഭരണഘടനയുടെ ആർട്ടിക്കൾ 14 അനുസരിച്ച്, നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും സമന്മാരാണ്. എല്ലാവർക്കും തുല്യസംരക്ഷണം ഉറപ്പാക്കേണ്ടതുമാണ്. അതുകൊണ്ടാകാണ് ആര് കുറ്റം ചെയ്താലും ജാതി, മത, ലിംഗ ഭേദമില്ലാതെ അവർക്ക് തുല്യ ശിക്ഷ ലഭിക്കുവാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഓരോ രാജ്യത്തും പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് ജനങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാകുന്നു എന്ന് പ്രശസ്ത ചിന്തകൻ സാമുവൽ ജോൺസൺ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗമനപരവും ജനാധിപത്യപരവുമായ നിയമങ്ങൾ നിലവിൽ വരുമ്പോഴാണ് രാജ്യത്ത് സമാധാനവും സന്തോഷവും സംജാതമാകുന്നത്. നമ്മുടെ രാജ്യത്ത് രാജ്യ പുരോഗതിക്കും വളർച്ചയ്ക്കും ജനങ്ങളുടെ വിവിധ തരം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായുള്ള പൊതുവായ നിയമങ്ങൾ നിരവധിയുണ്ട്. ഇതിലുപരി, ചില പ്രത്യേക വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി വെവ്വേറെ നിയമങ്ങളുമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്കായുള്ള നിമങ്ങൾ ഉദാഹരണങ്ങളാണ്.

ഗാർഹിക പീഡനം, തൊഴിൽ സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ബലാത്‌സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ, സാമൂഹ്യ, രാഷ്ട്രീയ, രംഗങ്ങളിലെ പിന്തള്ളലുകൾ ഇവയൊക്കെ അവർ കാലാകാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അസഹനീയമായ പീഡനങ്ങളാണ്. ഇതേത്തുടർന്നാണ് തൊഴിൽ സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ തടയുവാനുള്ള നിയമം, ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീയെ സംരക്ഷിക്കുവാനുള്ള നിയമം, സ്ത്രീധന നിരോധന നിയമം, മാന്യമല്ലാത്ത രീതിയിൽ സ്ത്രീകളെ ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം തുടങ്ങിയവയൊക്കെ നിലവിൽ വന്നത്. ഈ നിയമങ്ങൾ പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വളരെ ആശ്വാസവും പ്രയോജനവും നൽകുന്നുമുണ്ട്.

മേൽ വിവരിച്ച അവസ്ഥയും അനുഭവങ്ങളുമാണ് സാധാരണ സ്ത്രീകൾക്കുള്ളതെങ്കിലും, കുറച്ചുകാലമായി ഒരു ദുഷ്‌പ്രവണത വളരെ ന്യൂനപക്ഷം വരുന്ന ചില സ്ത്രീകളിൽ കണ്ടുവരുന്നുണ്ട്. പുരുഷന്മാർക്കെതിരെ അടിസ്ഥാനമില്ലാത്തതും, തെളിയിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ആരോപണം ഉന്നയിക്കുകയെന്നതാണ് ഈ പുതിയ പ്രവണത. കുറേ വർഷങ്ങൾക്കു മുൻപ് നടന്നുവെന്ന് പറയപ്പെടുന്ന ചില സംഭവങ്ങൾ ഇപ്പോൾ പുറത്തെടുത്ത് സാമ്പത്തിക നേട്ടത്തിനും, വ്യക്തിവൈരാഗ്യം തീർക്കുന്നതിനും മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതിനും വേണ്ടി തത്പര കക്ഷികളായ ചില സ്ത്രീകൾ പുരുഷന്മാർക്കെതിരെ പ്രയോഗിക്കുന്നുണ്ട്.

പുരുഷനു പിന്നാലെ നടന്ന് വശീകരിച്ചും പരസ്പര താത്പര്യത്തോടെ ബന്ധപ്പെട്ടും കഴിഞ്ഞതിനു ശേഷം, പ്രതീക്ഷിച്ച രീതിയിൽ ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ പുരുഷനെതിരെ വിവിധതരം പീഡനങ്ങൾ ആരോപിക്കുന്ന സ്ത്രീകൾ സമൂഹത്തിന് ആപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. തന്നെ പീഡിപ്പിക്കാൻശ്രമിച്ചു, വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ ദുരാരോപണങ്ങൾ പുരുഷനെതിരെ ചില സ്ത്രീകൾ നടത്തിക്കാണുന്നുണ്ട്. മതിയായ

അടിസ്ഥാനമില്ലാതെ പുരുഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ജാമ്യമില്ലാ കുറ്റങ്ങളാണ്. സിനിമാ- രാഷ്ട്രീയ മേഖലകളിലാണ് ഇത്തരം ആരോപണങ്ങൾ കൂടുതലെങ്കിലും മറ്റു മേഖലകളിലും പുരുഷന്മാർ ഇത്തരം കൊടും യാതനകൾ അനുഭവിക്കുന്നുണ്ട്.

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ചില സ്ത്രീകൾ കേസുമായി വരുന്നുണ്ട്. ഒരു പുരുഷൻ വിവാഹ വാഗ്‌ദാനം നൽകുന്നത് ലൈംഗിക ബന്ധത്തിനുള്ള അനുവാദമല്ല. സ്ത്രീയുടെ സമ്മതമില്ലാതെ ആ വിധത്തിലുള്ള ബന്ധപ്പെടൽ നടക്കില്ല. അപ്പോൾ, ഇത്തരം ആരോപണങ്ങൾ തീർത്തും പുരുഷ പീഡനമാണ്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനും നേടിയെടുക്കുവാനും വേണ്ടി വൈരാഗ്യ ബുദ്ധിയോടെ പുരുഷനെതിരെ വ്യാജ ബാലപീഡന ആരോപണം ഉന്നയിച്ചും ചില സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വിവാഹമോചന കേസുകളിലും അടിസ്ഥാനരഹിതമായ

ആരോപണങ്ങളാൽ പുരുഷൻ പീഡിപ്പിക്കപ്പെടുന്നുണ്ട്.

കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ, ഒരു പുരുഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ, കോടതിയിൽ അയാൾ നിരപരാധിയെന്ന് തെളിഞ്ഞാൽപ്പോലും

അതുവരെ അനുഭവിച്ച മാനസിക സംഘർഷങ്ങൾ, സമൂഹത്തിൽ നിന്നുള്ള ആക്ഷേപകരമായ ഒറ്റപ്പെടുത്തൽ, കുടുംബത്തിൽ നിന്നുപോലും അയാൾ നേരിടുന്ന ദുരവസ്ഥകൾ തുടങ്ങിയവയ്ക്കൊന്നും എത്ര തുക നഷ്ടപരിഹാരം ലഭിച്ചാലും മതിയാകില്ല. ഇവിടെയൊക്കെ പുരുഷൻ നിസ്സഹായനാണ്.

ചില ആരോപണങ്ങൾ കാലഹരണ നിയമപ്രകാരം നിലനിൽക്കുകയില്ലെന്നോ, ആരോപണങ്ങൾ നിലനിൽക്കുന്നവയല്ലെന്നോ കോടതി പറയുംവരെ ആരോപണ വിധേയനായ പുരുഷൻ അനുഭവിക്കുന്ന നൊമ്പരങ്ങളും മാനസിക പിരിമുറുക്കവും വിവരണങ്ങൾക്കതീതമാണ്. നമ്മുടെ സാമൂഹ്യ മാദ്ധ്യമങ്ങളും മറ്റും നടത്തുന്ന വ്യക്തിഹത്യാ ചർച്ചകൾ പലപ്പോഴും വളരെ ക്രൂരമാണ്. അതായത്, ദുഷ്ടലാക്കോടെ ഒരു സ്ത്രീ വിചാരിച്ചാൽ നിരപരാധിയായ ഏതു പുരുഷന്റെയും മാനസികനിലയും കുടുംബ ജീവിതവും

തകർക്കാം. ഇവിടെ, തുല്യനീതിക്കായി നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. പുരുഷൻ സ്ത്രീ പീഡനം നടത്തിയാൽ ശിക്ഷിക്കപ്പെടണമെന്നതു പോലെ, സ്ത്രീകൾ പുരുഷ പീഡനം നടത്തിയാലും ശിക്ഷിക്കപ്പെടണം.

പുരുഷനെതിരെ വ്യാജ പരാതികൾ ഉന്നയിക്കുന്ന സ്ത്രീകൾക്ക് ദീർഘവും കഠിനവുമായ ജയിൽശിക്ഷ ഉൾപ്പെടെയുള്ളതും, വൻ തുക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതുമായ നിയമങ്ങൾ നിലവിൽ വരേണ്ടതാണ്. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ തത്വം പാലിക്കപ്പെടുക

തന്നെ വേണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.