
തൃശൂർ: അനധികൃതമായി നികുതി പിരിച്ചെടുത്ത വിഷയത്തിൽ സുപ്രീംകോടതി വിധിപ്രകാരം നടപടിയെടുക്കുമെന്ന് മേയർ നിജി ജസ്റ്റിൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. കേസിനുപോയ 198 വാണിജ്യ കെട്ടിട ഉടമകളുടെ കാര്യത്തിലാണ് വിധിയെങ്കിലും പൊതുജനങ്ങളെ സംബന്ധിക്കുന്ന വിഷയത്തിൽ നിയമോപദേശം തേടിയശേഷം കൗൺസിലിൽ ചർച്ചചെയ്ത് നടപടിയെടുക്കും. വസ്തുനികുതി നിരക്കുകൾ ഉൾപ്പെട്ട അന്തിമവിജ്ഞാപനം പത്രപരസ്യം ചെയ്യാത്തതിലുള്ള വീഴ്ച കണ്ടുപിടിക്കാനും അതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള റിപ്പോർട്ട് അടുത്ത കൗൺസിലിൽ വയ്ക്കാനും സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടു. അനധികൃത നികുതി തിരിച്ചു നൽകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഡെപ്യൂട്ടി മേയർ എ.പ്രസാദ് വ്യക്തമാക്കി.
അനധികൃതമായി നികുതി പിരിച്ചെടുത്തത് തിരിച്ചുകൊടുത്താൽ ബാധ്യത പുതിയ കൗൺസിലർമാരുടെ തലയിൽ വരുമെന്ന് പ്രതിപക്ഷത്തെ അനീസ് അഹമ്മദ് പറഞ്ഞു. എന്നാൽ, കൗൺസിലർമാരെ ബാധിക്കുന്ന രീതിയിൽ ചെയ്യില്ലെന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ് മറുപടി നൽകി. റെയിൽവേ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ നഷ്ടം നേരിട്ടവർക്ക് നിയമസഹായം നൽകാൻ കോർപറേഷൻ തയ്യാറാകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
അഴിമതി അന്വേഷണം സ്വാഗതംചെയ്ത് പ്രതിപക്ഷം
എൽ.ഡി.എഫ് ഭരണസമിതി നടത്തിയ അഴിമതി അന്വേഷിക്കണമെന്ന് ബൈജു വർഗീസ് ആവശ്യപ്പെട്ടു. സമഗ്രമായി എല്ലാ വിഷയത്തിലും അന്വേഷണം നടത്തണം. അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷത്തെ ടി.ആർ.കിരൺ, അനീസ് അഹമ്മദ് എന്നിവർ പറഞ്ഞു.
മേയറുടെ പേരിൽ പണപ്പിരിവെന്ന് പ്രതിപക്ഷം
സംസ്ഥാന കലോത്സവത്തിൽ മേയറുടെ പേരും ഓഫീസും ദുരുപയോഗം ചെയ്ത് വൻ പണപ്പിരിവ് നടത്തിയതായി പ്രതിപക്ഷ നേതാവ് ടി.ആർ.കിരൺ. ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ തെളിവുസഹിതം പറയണമെന്നും അത്തരമൊരു നിർദ്ദേശമോ പിരിവോ നടത്തിയിട്ടില്ലെന്നും മേയറും ഡെപ്യൂട്ടി മേയറും പറഞ്ഞു.
താത്കാലികക്കാർ എംപ്ലോയ്‌മെന്റ് ലിസ്റ്റിൽ നിന്ന്
താത്കാലികക്കാരെ എംപ്ലോയ്‌മെന്റ് ലിസ്റ്റിൽ നിന്ന് നിയമിക്കുമെന്ന് ഡെപ്യൂട്ടി മേയർ. കഴിഞ്ഞ ഭരണസമിതി സ്വന്തം ആളുകളെയാണ് താത്കാലികക്കാരായി നിയമിച്ചതെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നുള്ളവരെ നോക്കുകുത്തിയാക്കിയെന്നും ലാലി ജെയിംസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |