
ചെറുതുരുത്തി: കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണവും അതിൽ ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും പ്രമേയമാക്കി കഥകളി ഒരുങ്ങുന്നു. പഹൽഗാം സംഭവത്തിന്റെ ഞെട്ടലും ദുഃഖവും രോഷവും പ്രകടിപ്പിക്കുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള കഥകളി ഏഴ് മാസത്താേളമെടുത്ത് കലാമണ്ഡലം വിജയകുമാറാണ് ചിട്ടപ്പെടുത്തിയത്. ചെറുതുരുത്തിയിലും യു.കെയിലും താമസമാക്കിയ കലാമണ്ഡലം വിജയകുമാർ, ആക്രമണത്തിന്റെ വേദന പ്രകടിപ്പിക്കാനായി സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ നാല് നിത്യഹരിത മലയാള ചലച്ചിത്ര ഗാനങ്ങൾ ഏകാംഗ നൃത്തരൂപത്തിൽ അവതരിപ്പിക്കും. സ്ത്രീ വേഷത്തിലാണ് കഥ പറയുന്നത്. ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിന് സംഭവിച്ച ദുരന്തമാണ് ചിത്രീകരിക്കുന്നത്. ഭർത്താവിന്റെ മൃതദേഹത്തിനരികിൽ തളർന്നിരിക്കുന്ന ഫോട്ടോ ലോകമെമ്പാടും പ്രതിഷേധത്തിന് കാരണമായിരുന്നു. 'അശ്വമേധം' (1967) എന്ന സിനിമയിലെ 'ഏഴു സുന്ദര രാത്രികൾ', 'കൊട്ടാരം വിൽക്കുന്നു' (1975) എന്ന ചിത്രത്തിലെ 'ചന്ദ്ര കളഭം ചാർത്തി', കളിത്തോഴനിലെ 'മഞ്ഞലയിൽ മുങ്ങി തോർത്തി', നദി (1969) എന്ന ചിത്രത്തിലെ 'ആയിരം പാദസരങ്ങൾ' എന്നിവയാണ് ഗാനങ്ങൾ. കഥകളിയെ ജനപ്രിയമാക്കുന്നതിൽ വിജയകുമാറും ഭാര്യ ബാർബറയും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കഥകളിയിൽ എണ്ണപ്പെട്ട ചുട്ടി കലാകാരിമാരിൽ ഒരാളാണ് ബാർബറ വിജയകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |